ആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതി
text_fieldsന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിലും മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസിലും ജി.എസ്.ടി നികുതി നിരക്ക് മാറ്റിയേക്കും. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളിലെ ജി.എസ്.ടി നിരക്ക് കുറക്കണമെന്ന ആവശ്യത്തെ ശനിയാഴ്ച വിഷയം ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക മന്ത്രിതല സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചതോടെയാണ് നിരക്ക് മാറ്റത്തിന് വഴിയൊരുങ്ങുന്നത്.
അഞ്ചുലക്ഷം വരെയുള്ള ലൈഫ് ഇൻഷുറൻസിലും മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസിലും ജി.എസ്.ടി ഒഴിവാക്കുന്നതുമടക്കം ശിപാർശകൾ സമിതി മുന്നോട്ടുവെച്ചതായതാണ് വിവരം. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷക്ക് നിലവിലുള്ള 18 ശതമാനം നിരക്ക് തുടർന്നേക്കും.
വിഷയത്തിൽ ജനങ്ങൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടാവണമെന്നായിരുന്നു പൊതുവികാരമെന്ന് സമിതി കൺവീനറും ബിഹാർ ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരി യോഗത്തിനുശേഷം പറഞ്ഞു. മുതിർന്ന പൗരന്മാരുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ സമിതി ചർച്ച ചെയ്തു. ഇത് ഉൾപ്പെടുത്തി ജി.എസ്.ടി കൗൺസിലിന് റിപ്പോർട്ട് സമർപ്പിക്കും. നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ചൗധരി പറഞ്ഞു.
നേരത്തേ വിഷയം ചർച്ചചെയ്ത് നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാർ 13 അംഗ മന്ത്രിതല സമിതി രൂപവത്കരിച്ചിരുന്നു. സമ്രാട്ട് ചൗധരി അധ്യക്ഷനായ സമിതിയിൽ കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമബംഗാൾ, കർണാടക, ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, മേഘാലയ, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് അംഗങ്ങളായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.