ഗർഭിണികൾക്കും കോവിഡ് വാക്സിൻ: ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ ഇവയാണ്...
text_fieldsന്യൂഡൽഹി: ഗർഭിണികളും കോവിഡ് വാക്സിനേഷന് അർഹരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗർഭകാലത്ത് എപ്പോൾ വേണമെങ്കിലും കുത്തിവെപ്പെടുക്കാമെന്നാണ് നിർദേശം. ഗർഭകാലത്ത് കോവിഡ് ബാധിച്ചാലുള്ള ബുദ്ധിമുട്ടുകൾ, വാക്സിനേഷെൻറ ഗുണങ്ങൾ, വാക്സിനേഷെൻറ പാർശ്വഫലങ്ങൾ എന്നിവയെ കുറിച്ച് വിശദീകരിക്കുന്ന മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
വാക്സിനേഷെൻറ ഗുണങ്ങൾ മറ്റ് ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുമെന്നാണ് വിദഗ്ധ ഉപദേശമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ സുപ്രധാന നീക്കത്തിന് പിന്നിലുള്ള പ്രധാനപ്പെട്ട നാല് കാരണങ്ങൾ ഇതാണ്.
- ഗർഭിണികളല്ലാത്തവരെ അപേക്ഷിച്ച് ഗർഭിണികൾക്ക് കോവിഡ് ബാധ മൂലം കടുത്ത അസുഖം വരാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ തെളിവുകൾ സൂചിപ്പിക്കുന്നത്.
- കോവിഡ് 19 ബാധിച്ച ഗർഭിണികൾക്ക് മാസം തികയാതെ പ്രസവിക്കാൻ സാധ്യത കൂടുതലാണ്. കൂടാതെ നവജാതശിശുരോഗം ഉൾപ്പെടെയുള്ള മറ്റ് പ്രതികൂല ഗർഭധാരണ സാധ്യതകളും കൂടുതലാണ്.
- മിക്ക ഗർഭിണികൾക്കും രോഗലക്ഷണം കുറവോ നേരിയ രോഗമോ ഉള്ളവരാണെങ്കിൽ അവരുടെ ആരോഗ്യം അതിവേഗം വഷളാകും. അത് പ്രസവത്തെ ബാധിക്കുകയും ചെയ്യാം
- ഗർഭിണികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാനുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാർശയും മന്ത്രാലയം ഉദ്ധരിക്കുന്നു
വാക്സിനേഷെൻറ പാർശ്വഫലങ്ങൾ എന്തൊക്കെ?
മറ്റുള്ളവരെ പോലെ തന്നെ കോവിഡ് വാക്സിൻ ഗർഭിണികൾക്കും സുരക്ഷയും സംരക്ഷണവും നൽകുമെന്നാണ് ആരോഗ്യ മന്ത്രാലയം അടിവരയിട്ട് പറയുന്നത്. നിലവിലെ സാഹചര്യത്തിൽ കോവിഡ് വാക്സിനുകൾ ഗർഭിണിക്കോ ഗർഭസ്ഥ ശിശുവിനോ അപകടമുണ്ടാക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ വിശ്വസിക്കുന്നുവെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്.
ചെറിയ രീതിയിലുള്ള പനി, കുത്തിവെപ്പെടുത്ത സ്ഥലത്ത് വേദന, ഒന്ന് രണ്ട് ദിവസത്തെ വല്ലായ്മ എന്നിങ്ങനെ വാക്സിനെടുത്താൽ സാധാരണയായി കണ്ടുവരുന്ന പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വാക്സിനേഷൻ കഴിഞ്ഞ് 20 ദിവസത്തിനുള്ളിൽ അപൂർവമായ പ്രതികൂല പ്രതികരണത്തിനുള്ള സാധ്യതയുണ്ടെന്ന് (1-5 ലക്ഷത്തിൽ ഒന്ന്) അവർ മുന്നറിയിപ്പ് നൽകുന്നു. ഇതിന് അടിയന്തിര ശ്രദ്ധ ആവശ്യമാണ്.
എന്തൊക്കെയാണ് ആ അപൂർവ ലക്ഷണങ്ങൾ
അടിയന്തിര ശ്രദ്ധ ആവശ്യമായ രോഗലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ആരോഗ്യമന്ത്രാലയം പട്ടികയാക്കി തിരിച്ചിട്ടുണ്ട്.
- ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട്
- നെഞ്ചുവേദന
- കെകാലുകളിൽ തൊടുേമ്പാൾ വേദന അല്ലെങ്കിൽ നീര്
- കുത്തിവെപ്പെടുത്ത ഭാഗത്ത് ചെറിയ രീതിയിൽ രക്തസ്രാവം അല്ലെങ്കിൽ ചർമത്തിൽ മുറിവ്
- ഛർദ്ദിയുമായോ അല്ലാതെയോ ഉള്ള സ്ഥിരമായ വയറുവേദന
- ഛർദ്ദിയുമായോ അല്ലാതെയോ ഉള്ള കോച്ചിപ്പിടുത്തം
- കൈകാലുകളുടെയോ അല്ലെങ്കിൽ ശരീരത്തിെൻറ ഏതെങ്കിലും പ്രത്യേക വശത്തെ ബലഹീനത / പക്ഷാഘാതം
- നിരന്തരമായ ഛർദ്ദി
- മങ്ങിയ കാഴ്ച അല്ലെങ്കിൽ കണ്ണുകളിൽ വേദന
വാക്സിൻ എടുക്കേണ്ടാത്ത ഗർഭിണികൾ
ഗർഭിണികൾക്കുള്ള ദോഷഫലങ്ങൾ സാധാരണ ജനങ്ങൾക്ക് സമാനമാണ്
- മുമ്പത്തെ ഡോസ് സ്വീകരിച്ചപ്പോൾ അലർജിയുള്ളവർ
- വാക്സിനുകൾ, കുത്തിെവപ്പുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവക്ക് അലർജിയുള്ളവർ
കോവിഡ് ഭേദമായവർ എന്തുചെയ്യണം?
കോവിഡ് ബാധിച്ച് 12 ആഴ്ചകൾക്ക് ശേഷമോ രോഗമുക്തി നേടിയ ശേഷം നാല് മുതൽ എട്ട് ആഴ്ചകൾക്ക് ശേഷമോ മാത്രമേ വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂവെന്നാണ് നിർദേശം.
മോണോക്ലോണൽ ആൻറിബോഡിയോ കോൺവാലസെൻറ് പ്ലാസ്മ എന്നീ ചികിത്സകൾക്ക് വിധേയമായവരോ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരോ താൽക്കാലത്തേക്ക് വാക്സിനെടുക്കരുത്. ഗർഭകാലത്ത് കോവിഡ് ബാധിതയായാൽ പ്രസവം കഴിഞ്ഞ ശേഷം വാക്സിനെടുക്കാം.
കോവിഡ് ഗർഭിണിയെയും ഗർഭസ്ഥ ശിശുവിനെയുമ എങ്ങനെയാണ് ബാധിക്കുന്നത്?
കോവിഡ് ബാധിച്ച 90 ശതമാനത്തിന് മേൽ ഗർഭിണികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. എന്നാൽ ദ്രുതഗതിയിൽ കുറച്ച് സമയത്തിനുള്ളിൽ ആരോഗ്യ നില വഷളാകാൻ സാധ്യതയുണ്ട്. ഗർഭകാലത്ത് കോവിഡ് പോസിറ്റീവായ യുവതികൾ ജന്മം നൽകിയ 95 ശതമാനത്തിന് മുകളിൽ കുഞ്ഞുങ്ങളും നല്ല ആരോഗ്യ നിലയിലായിരുന്നു.
ഗർഭകാലത്ത് കോവിഡ് പോസിറ്റീവാകുന്നത് മാസം തികയാതെ പ്രസവിക്കുന്നതിന് കാരണമാകും. ചിലപ്പോൾ നവജാത ശിശുവിെൻറ ആശുപത്രി വാസത്തിനോ അല്ലെങ്കിൽ മരണത്തിനോ തന്നെ അത് കാരണമാകുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.