ഡോക്ടർമാരുടെ ബോണ്ട് വ്യവസ്ഥകളിൽ ഏകീകൃത മാനദണ്ഡമുണ്ടാക്കും
text_fieldsന്യൂഡൽഹി: സർക്കാർ മെഡിക്കൽ കോളജുകളിൽ പഠനം പൂർത്തിയാക്കുന്ന ഡോക്ടർമാർ ബോണ്ടനുസരിച്ച് നിർബന്ധിതസേവനം നിർവഹിക്കണമെന്ന വിവിധ സംസ്ഥാനങ്ങളിലെ വ്യവസ്ഥകളിൽ ഏകീകൃത മാനദണ്ഡമുണ്ടാക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. ദേശീയ മെഡിക്കൽ കമീഷന്റെ ഇതുസംബന്ധിച്ചുള്ള ശിപാർശകളുടെ അടിസ്ഥാനത്തിലാണിത്. ബോണ്ട് വ്യവസ്ഥയനുസരിച്ച് പഠനം പൂർത്തിയാക്കുന്നവർ സർക്കാർ നിർദേശിക്കുന്ന ആരോഗ്യകേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കാൻ ബാധ്യസ്ഥരാണ്. അതിനു തയാറായില്ലെങ്കിൽ അവർ കനത്ത തുക പിഴയായി നൽകണം.
ഈ പിഴത്തുക പല സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. 2019ൽ സുപ്രീംകോടതി ഇതുസംബന്ധിച്ച് ചില മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ബോണ്ട് സമ്പ്രദായത്തെ സുപ്രീംകോടതി തള്ളിയില്ലെങ്കിലും ചില സംസ്ഥാനങ്ങളിലെ വ്യവസ്ഥകൾ കഠിനമാണെന്ന് നിരീക്ഷിച്ചിരുന്നു. ഇതുസംബന്ധിച്ച ഏകീകൃത മാനദണ്ഡങ്ങൾ രൂപവത്കരിക്കാൻ കേന്ദ്രത്തോടും മെഡിക്കൽ കമീഷനോടും കോടതി നിർദേശിക്കുകയും ചെയ്തു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ബോണ്ട് സമ്പ്രദായത്തിന്റെ പ്രശ്നങ്ങൾ സമിതി ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും മെഡിക്കൽ കമീഷൻ അത് അപ്പാടെ അംഗീകരിച്ചില്ല. തുടർന്ന് ആരോഗ്യമന്ത്രാലയം ഈ വിഷയം പരിശോധിക്കുകയും ബോണ്ട് സമ്പ്രദായം തുടരാൻ തീരുമാനിക്കുകയുമായിരുന്നു.
ഏകീകൃത മാനദണ്ഡം വരുമ്പോൾ ഗ്രാമീണ സേവനമടക്കമുള്ള വ്യവസ്ഥകൾ നിലനിർത്തിക്കൊണ്ട് പിഴ നിർബന്ധമായി ഈടാക്കുന്ന വ്യവസ്ഥകളിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.