അന്ത്യയാത്രയിലും ആ അമ്മ സന്തോഷിക്കുന്നുണ്ടാകും, ഈ മകനെയോർത്ത്
text_fieldsഭോപ്പാൽ: കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന നാടിനെ അണുവിമുക്തമാക്കുന്നതിന് നേതൃത്വം കൊടുക്കുേമ്പാൾ അഷ്‌റഫ് അലിയുടെ മനസ്സ് വിങ്ങുകയായിരുന്നു. അന്ത്യചുംബനം പ്രതീക്ഷിച്ച് മാതാവിെൻറ ഭൗതികശരീരം വീട്ടിൽ കാത്തിരിക്കുന്നു. വീട്ടിലേക്ക് ഓടിപ്പോകാൻ ഉള്ളംവെമ്പുന്നുണ്ടെങ്കിലും, താൻ പോയാൽ ഈ പ്രവൃത്തി പാതിവഴിയിൽ നിലച്ചേക്കുമോ എന്ന് ആശങ്ക.
ഒടുവിൽ ഉച്ച കഴിയുന്നത് വരെ അഷ്‌റഫ് അലി തെൻറ ജോലിയിൽ വ്യാപൃതനായി. പിന്നീട് ഉമ്മയുടെ അരികിലേക്ക്.... അന്ത്യകർമങ്ങൾ കഴിഞ്ഞ് വീണ്ടും നാടിനെ സേവിക്കാൻ ഈ മകൻ തിരിച്ചെത്തി. ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷനിലാണ് മഹാമാരിയുടെ കാലത്ത് മനുഷ്യത്വത്തിെൻറ പ്രതീകമായി അഷ്‌റഫ് അലി മാറിയത്. കോർപറേഷനിലെ പതിനായിരങ്ങളെ മാരകവൈറസിൽനിന്ന് രക്ഷിക്കാൻ അണുനശീകരണത്തിെൻറ ചുമതല ഇദ്ദേഹത്തിനായിരുന്നു.
“സ്വന്തം അമ്മയേക്കാൾ വിലപ്പെട്ടതൊന്നുമില്ല. പക്ഷേ, ദുരന്തമുഖത്തുള്ള മാതൃരാജ്യത്തെ കൈവിടാനാകുമോ? രാവിലെ എട്ടുമണിയോടെയാണ് അമ്മയുടെ മരണവാർത്ത അറിഞ്ഞത്. എെൻറ രാജ്യത്തോടുള്ള കടമയും എനിക്കുണ്ട്” വിവരമറിഞ്ഞ് തന്നെ തേടിവന്ന മാധ്യമപ്രവർത്തകരോട് അലി പറഞ്ഞു. ‘ഖബറടക്കത്തിനായി ഉച്ചകഴിഞ്ഞ് പോയി, പിന്നീട് ജോലിയിൽ തിരിച്ചെത്തി" അദ്ദേഹം പറഞ്ഞു.
സഹപ്രവർത്തകർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും അഷ്‌റഫ് അലിയെക്കുറിച്ച് പറയാൻ നൂറുനാവാണ്. ‘അദ്ദേഹം ഞങ്ങൾക്ക് പ്രചോദനമാണ്. നഗരത്തിലെ 5,000 മുതൽ 7,000 വരെ വീടുകൾ അഷ്‌റഫ് അലി അണുവിമുക്തമാക്കി”മുനിസിപ്പൽ കമ്മീഷണർ വിജയ് ദത്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.