രാജസ്ഥാനില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെട്ട് മന്ത്രി
text_fieldsജയ്പൂര്‍: രാജസ്ഥാൻ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. കരന്‍പുർ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ നിലവിലെ മന്ത്രിസഭാംഗം സുരേന്ദര്‍പാല്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രൂപീന്ദര്‍ സിങ് കൂനറിനോട് പരാജയപ്പെട്ടു. 11,283 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചുകയറിയത്.
ഡിസംബർ 30നാണ് സുരേന്ദര്‍പാല്‍ സിങ്ങിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. മന്ത്രിയാക്കി ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ചെടുക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഇതോടെ പാളിയത്. വിജയത്തോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 69ല്‍ നിന്ന് 70 ആയി. ബി.ജെ.പിക്ക് 115 എം.എല്‍.എമാരാണുള്ളത്.
വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രൂപീന്ദര്‍ സിങ് കൂനറിന്റെ പിതാവ് ഗുര്‍മീത് സിങ് കൂനറായിരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥിക്ക് മന്ത്രിസ്ഥാനം നല്‍കിയ ബി.ജെ.പിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു.
ബജൻലാൽ ശർമ മന്ത്രിസഭയിൽ ന്യൂനപക്ഷ-വഖഫ്, കാർഷിക വിപണനം അടക്കം നാല് വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമാണ് നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി സുരേന്ദര്‍പാല്‍ സിങ്ങിന് നല്‍കിയത്. ചട്ടങ്ങള്‍ ലംഘിച്ച ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയാണ് രൂപീന്ദര്‍ സിങ് കൂനറിന്റെ വിജയമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.