തമിഴകം കത്തിക്കയറുന്നു -സ്റ്റാലിനും എടപ്പാടിയും നേർക്കുനേർ
text_fieldsചെന്നൈ: കത്തിക്കാളുന്ന വെയിലിെൻറ കാഠിന്യത്തിൽ തമിഴകത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തിളച്ചുമറിയുന്നു. വിജ്ഞാപനത്തിന് മുൻപെ പര്യടനം തുടങ്ങിയ ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിനും അണ്ണാ ഡി.എം.കെ ജോ. കോ ഒാഡിനേറ്ററും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമിയും കൊണ്ടും കൊടുത്തും മുന്നേറുകയാണ്.
എടപ്പാടി സർക്കാറിെൻറ അഴിമതികൾക്കൊപ്പം മോദി- അമിത്ഷാ ജോഡിക്ക് അണ്ണാ ഡി.എം.കെയെ പണയപ്പെടുത്തിയതും ജയലളിതയുടെ ദുരൂഹ മരണം തുടങ്ങിയ വിഷയങ്ങളാണ് സ്റ്റാലിൻ ഉന്നയിക്കുന്നത്. അതേസമയം തെൻറ സർക്കാറിെൻറ നേട്ടങ്ങൾ എണ്ണിപറഞ്ഞും പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ വിശദീകരിച്ചുമാണ് എടപ്പാടി സ്റ്റാലിന് മറുപടി പറയുന്നത്.
അണ്ണാ ഡി.എം.കെ കോ ഒാഡിനേറ്ററും ഉപമുഖ്യമന്തിയുമായ ഒ.പന്നീർശെൽവമാണെങ്കിൽ സ്വന്തം മണ്ഡലമായ ബോഡിനായ്ക്കന്നൂരിൽ കുരുങ്ങിക്കിടക്കുകയാണ്. ഇവിടെ ശക്തനായ തങ്കതമിഴ്ശെൽവനെയാണ് ഡി.എം.കെ നിർത്തിയിരിക്കുന്നത്.
ശശികലയെ അണ്ണാ ഡി.എം.കെ നേതൃത്വം മാറ്റി നിർത്തിയത് തെക്കൻ തമിഴക ജില്ലകളിൽ പ്രബലമായ 'തേവർ' സമുദായത്തിൽ കടുത്ത അതൃപ്തിയാണ് പടർത്തിയിരിക്കുന്നത്.
ഒ.പന്നീർശെൽവവും ഇതേ സമുദായംഗമാണ്. നിലവിലുള്ള പാർട്ടിഘടന അംഗീകരിക്കുന്നപക്ഷം ശശികലയെ തിരികെയെടുക്കുന്നത് പരിഗണിക്കുമെന്ന പന്നീർശെൽവത്തിെൻറ പ്രസ്താവന ഇൗ സാഹചര്യത്തിലാണ്. അതേസമയം ശശികലയെയും അവരുടെ കുടുംബാംഗങ്ങളെയും തിരിച്ചെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് എടപ്പാടി.
മുൻ തെരഞ്ഞെടുപ്പുകളിൽ സിനിമാതാരങ്ങൾ പ്രചാരണ രംഗത്തിറങ്ങുന്നത് തമിഴകത്തിെൻറ സവിശേഷതയായിരുന്നു. എന്നാലിപ്പോൾ കമൽഹാസൻ, ഖുശ്ബു തുടങ്ങിയ നിരവധി താരങ്ങൾ മൽസരരംഗത്താണുള്ളത്. നഗരപ്രദേശങ്ങളിലേക്ക് കടന്നുകയറിയ കമൽഹാസെൻറ മക്കൾ നീതിമയ്യം ചില മണ്ഡലങ്ങളിലെങ്കിലും ദ്രാവിഡ മുന്നണികൾക്ക് ഭീഷണിയായിട്ടുണ്ട്.
തനിച്ച് മൽസരിക്കുന്ന സീമാെൻറ നാം തമിഴർ കക്ഷിയും മക്കൾ നീതി മയ്യം മുന്നണിയും ഡി.എം.കെ സഖ്യത്തിെൻറ വോട്ടുകളാവും കവർന്നെടുക്കുക. അതേസമയം ടി.ടി.വി ദിനകരെൻറ അമ്മ മക്കൾ മുന്നേറ്റ കഴകത്തിെൻറ നേതൃത്വത്തിലുള്ള മുന്നണി പിടിക്കുന്ന വോട്ടുകൾ അണ്ണാ ഡി.എം.കെയെ ദോഷകരമായി ബാധിക്കും. ദിനകരനോടൊപ്പമുള്ള എസ്.ഡി.പി.െഎ, അസദുദീൻ ഉവൈസിയുടെ കക്ഷി എന്നിവ നേടുന്ന മുസ്ലിം വോട്ടുകൾ ഡി.എം.കെ സഖ്യത്തിനാവും നഷ്ടമാവുക.
ശക്തമായ മുന്നണി രൂപീകരിക്കാനും ഘടകകക്ഷികളെ ഒത്തൊരുമയോടെ നയിക്കാനും സാധിച്ചതാണ് ഡി.എം.കെയുടെ നേട്ടമായി നിരീക്ഷകർ കരുതുന്നത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്നാട്ടിൽ ബി.ജെ.പി - മോദി വിരുദ്ധ തരംഗവും ശക്തമാണ്. നരേന്ദ്രമോദിയുടെ തമിഴക സന്ദർശന വേളകളിൽ 'മോദി ഗോബാക്' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി സാമുഹിക മാധ്യമങ്ങളിൽ ഡ്രെൻഡിങ്ങാവുന്നതും പതിവാണ്.
കൃസ്ത്യൻ- മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയാണ് ഡി.എം.കെ മുന്നണിക്ക് അനുകൂലമായ മറ്റൊരു ഘടകം. തമിഴ്നാട് ബിഷപ്പ് കൗൺസിലും തമിഴ്നാട് ജമാഅത്തുൽ ഉലമാസഭയും ഡി.എം.കെ സഖ്യത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അണ്ണാ ഡി.എം.കെ സഖ്യത്തിൽ ബി.ജെ.പി, പാട്ടാളി മക്കൾ കക്ഷി, തമിഴ് മാനില കോൺഗ്രസ് എന്നിവയാണ് മുഖ്യ ഘടകകക്ഷികൾ.
അതേസമയം ഡി.എം.കെ മുന്നണിയിൽ കോൺഗ്രസ്, മുസ്ലിംലീഗ്, സി.പി.എം, സി.പി.െഎ, എം.ഡി.എം.കെ, വിടുതലൈ ശിറുതൈകൾ കക്ഷി, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി, മനിതനേയ മക്കൾ കക്ഷി, തമിഴക വാഴ്വുരിമൈ കക്ഷി തുടങ്ങിയവയും അണിനിരക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.