ഉത്തരേന്ത്യയെ മൂടി കനത്ത മൂടൽമഞ്ഞ്; 200ഓളം വിമാനങ്ങളെ ബാധിച്ചതായി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയെ മൂടി കനത്ത മൂടൽമഞ്ഞ്; 200 ഓളം വിമാനങ്ങളെ മൂടൽമഞ്ഞ് ബാധിച്ചതായി റിപ്പോർട്ട്. രാജ്യത്തുടനീളം നൂറുകണക്കിന് വിമാനങ്ങളും നിരവധി ട്രെയിനുകളും മൂടൽമഞ്ഞ് കാരണം വൈകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ റൺവേ ദൃശ്യപരത പൂജ്യമായതിനാൽ ഡൽഹി വിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. 30ഓളം വിമാനങ്ങൾ റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.
കനത്ത മൂടൽമഞ്ഞ് കാരണം, എയർപോർട്ടിലെ ഫ്ലൈറ്റ് പ്രവർത്തനങ്ങളെ ബാധിച്ചതായും പുതിയ വിവരങ്ങൾക്കായി യാത്രക്കാർ അതത് എയർലൈനുമായി ബന്ധപ്പെടണമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു. വിമാന കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും ഉൾപ്പെടെയുള്ള എയർലൈനുകൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊൽക്കത്ത വിമാനത്താവളത്തിൽ 25ഓളം സർവീസുകളെ ബാധിച്ചു.
ഛണ്ഡിഗഢ്, അമൃത്സർ, ജയ്പൂർ എന്നിവിടങ്ങളിലും ഉത്തരേന്ത്യയിലെ മറ്റ് നിരവധി വിമാനത്താവളങ്ങളിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്തു. കനത്ത മൂടൽമഞ്ഞ് ട്രെയിൻ ഷെഡ്യൂളുകളും റോഡ് ഗതാഗതവും തടസ്സപ്പെടുത്തി. ഡൽഹി, നോയിഡ, ഗുരുഗ്രാം, കർണാൽ, ഹാപൂർ, ഗാസിയാബാദ്, അമൃത്സർ തുടങ്ങിയ നഗരങ്ങളിൽ, ദൃശ്യപരത കുറഞ്ഞതിനാൽ വാഹനങ്ങൾ കുറഞ്ഞ വേഗതയിലാണ് നീങ്ങിയത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. നഗരത്തിൽ കനത്ത മൂടൽമഞ്ഞ് സാഹചര്യത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 5.30ന് ഡൽഹിയിൽ താപനില 10.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച 9.6 ഡിഗ്രി സെൽഷ്യസായിരുന്നു. വെള്ളിയാഴ്ച വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെത്തുടർന്ന് 400 ലധികം വിമാനങ്ങൾ വൈകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.