മുംബൈ നഗരത്തെ മുക്കി പേമാരി; ഗതാഗതം താറുമാറായി, സ്കൂളുകളും കോളജുകളും പൂട്ടി
text_fieldsമുംബൈ: കനത്ത മഴയിൽ രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയും പരിസരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. തിങ്കളാഴ്ച പുലർച്ചെ ഒരു മണി മുതൽ ഏഴ് മണി വരെയുള്ള ആറ് മണിക്കൂറിൽ പലയിടത്തും 300 മില്ലിമീറ്ററിലധികം മഴയാണ് പെയ്തത്. സബർബൻ ട്രെയിൻ, ബസ് സർവീസ് ഉൾപ്പെടെ ഗതാഗതം താറുമാറായി. മുംബൈ, താനെ, പാൽഘർ, കൊങ്കൺ ബെൽറ്റ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വിക്രോളിയിൽ 24 മണിക്കൂറിനിടെ 315 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വർളി, ബുന്തര ഭവൻ, കുർള ഈസ്റ്റ്, കിങ്സ് സർക്കിൾ, ദാദർ, വിദ്യാവിഹാർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം വെള്ളംകയറി. ഓടകൾ ഉൾപ്പെടെ നിറഞ്ഞുകവിഞ്ഞ് റോഡുകളിലൂടെ മലിനജലം ഒഴുകുന്നത് പകർച്ചവ്യാധിക്ക് ഇടയാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
മുംബൈയിലും സമീപ പ്രദേശങ്ങളായ താനെ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിലേക്കും സർവീസ് നടത്തുന്ന സബർബൻ ട്രെയിൻ ദിവസം 30 ലക്ഷം പേർ ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ്. ട്രാക്കിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് താനെ ജില്ലയിലെ കാസറക്കും തിത്വാലക്കും ഇടയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. കല്യാണിനും കാസറക്കുമിടയിലുള്ള സർവീസുകൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
താനെ, വസായ് (പാൽഘർ), മഹദ് (റായ്ഗഡ്), ചിപ്ലുൻ (രത്നഗിരി), കോലാപുർ, സംഗ്ലി, സതാറ ഘട്കോപർ, കുർള, സിന്ധുദുർഗ് എന്നിവിടങ്ങളിൽ ദേശീയ ദുരന്തനിവാരണ സേനയെ (എൻ.ഡി.ആർ.എഫ്) വിന്യസിച്ചിട്ടുണ്ട്. താനെയിൽ വെള്ളംകയറിയ റിസോർട്ടിൽനിന്ന് 49 പേരെയും പാൽഘറിൽ 16 ഗ്രാമീണരെയും എൻ.ഡി.ആർ.എഫ് രക്ഷപെടുത്തി. റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ മുംബൈ ട്രാഫിക് പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്. ഡ്രെയിനേജ് ഹോളുകൾ അടഞ്ഞത് പലയിടത്തും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.