അരുണാചൽ പ്രദേശിൽ തീവ്രമഴ തുടരുന്നു; രണ്ടുപേർ കൂടി മരിച്ചു
text_fieldsഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ആഴ്ചകളായി തുടരുന്ന തീവ്രമഴയിൽ രണ്ട് മരണം കൂടി. രണ്ടുപേരെ കാണാതായി. മണ്ണിടിച്ചിലിൽ അകപ്പെട്ടവരെ ഉൾപ്പെടെ രക്ഷപെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനായി ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകളെ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ല ദുരന്തനിവാരണ ഓഫിസർ നിമ താഷി പറഞ്ഞു.
അസമിലെ ലഖിംപൂർ ജില്ലയിലെ ലാലുക്ക് സ്വദേശിയായ തിലു കലണ്ടിയാണ് ഇന്ന് മരിച്ചവരിലൊരാൾ. ഹൊളോങ്കിയിൽ ജലശുദ്ധീകരണ പ്ലാന്റിലും, പടിഞ്ഞാറൻ സിയാങ് ജില്ലയിൽ, ട്രാൻസ് അരുണാചൽ ഹൈവേ നിർമാണത്തിലും ഏർപ്പെട്ടിരുന്ന രണ്ട് നിർമാണത്തൊഴിലാളികളാണ് മണ്ണിടിച്ചിലിൽ അകപ്പെട്ടുപോയത്.
52 ഗ്രാമങ്ങൾ പ്രളയബാധിതമാണ്. 7000ൽ പരം ആളുകളെ നിലവിലെ അവസ്ഥ സാരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും കുടിവെള്ള വിതരണം മുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത മഴയിലും പ്രളയത്തിലും ഇതുവരെ 17 പേരാണ് കൊല്ലപ്പെട്ടത്. പാപും പാരെയിലെ മിക്ക ഗ്രാമങ്ങളും ടൗണുകളും ഒറ്റപ്പെട്ടു. സിബൊ കൊറോങ് നദി കരകവിഞ്ഞത് കാരണം കിഴക്കൻ സിയാങ് ജില്ലയിൽ വെള്ളക്കെട്ട് കൂടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.