ഉത്തരാഖണ്ഡിൽ കനത്തമഴ: 250 റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്തമഴയിലും മണ്ണിടിച്ചിലിലും ദേശീയ പാതകൾ ഉൾപ്പെടെ 250 റോഡുകളിൽ ഗതാതാഗതം തടസ്സപ്പെട്ടു. 11 സംസ്ഥാന പാതകളും 239 ഗ്രാമീണ റോഡുകളും കനത്തമഴയിൽ തകർന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം കനത്തമഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവെ -7ന്‍റെ ഒരു ഭാഗം ഒഴുകിപോയിരുന്നു. ലംബഗഡിലെ ഖച്ഡ ഡ്രെയിനിൽ വെള്ളം ഉയർന്നതിനെത്തുടർന്നാണ് ദേശീയ പാതയുടെ ഭാഗം ഒലിച്ചുപോയതെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് തീർഥാടകർ റോഡിന്‍റെ ഇരുവശങ്ങളിലും കുടുങ്ങി.
നൈനിറ്റാളിലെ ഭാവാലി റോഡിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. ബൻസ്വാരയിൽ ഋഷികേശ്-കേദാർനാഥ് ദേശീയ പാതയിലും ഗതാഗതം തടസപ്പെട്ടു. ജാനകിചട്ടി മുതൽ യമുനോത്രി വരെയുള്ള ട്രെക്ക് റൂട്ടിലെ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് ധാർചുലയിൽ ആറ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വീടുകളിൽ താമസിച്ചിരുന്നവരെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ ആർക്കും പരിക്കുപറ്റിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
അതേസമയം അടുത്ത ഏതാനും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.