മധ്യപ്രദേശിൽ കനത്ത മഴ; മുന്നു മരണം; 900 പേരെ രക്ഷപ്പെടുത്തി
text_fieldsഭോപ്പാൽ: ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴ മധ്യപ്രദേശിൽ വൻ നാശം വിതയ്ക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളം പൊങ്ങി. മൂന്നു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 900ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഝബുവ ജില്ലയിൽ കനത്ത വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ ഒഴുകിപ്പോയി.
ഇവരിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ നടന്നുവരുന്നു. ഉജ്ജയിനിയിൽ 900 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.ഇൻഡോറിലും ഉജ്ജയിനിയിലും അടുത്ത രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ഗുജറാത്ത്, നർമ്മദാ അണക്കെട്ടിലെ വെള്ളം പുറത്തേക്കൊഴുക്കുന്നത് സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ 48 മണിക്കൂറായി കനത്ത മഴ തുടരുന്ന ഉജ്ജയിനിൽ നിരവധി റോഡുകളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിൽ മുങ്ങി. പോലീസും ദ്രുത കർമസേനയും ചേർന്ന് നിരവധി പേരെ രക്ഷപ്പെടുത്തി. ഉജ്ജയിനിയിലെ സ്വാമിനാരായണ ക്ഷേത്രം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് കുടുങ്ങിപ്പോയ മുപ്പതിലധികം ഭക്തരെ സംസ്ഥാന ദുരന്ത പ്രതിരോധ സേന രക്ഷപ്പെടുത്തി. രത്‌ലം, മന്ദ്‌സൗർ, അലിരാജ്പൂർ, നീമുച്ച് തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കത്തിവാഡയിൽ 341 മില്ലീ.മീറ്ററും മേഘ്‌നഗറിൽ 316 മില്ലീ.മീറ്ററും ധാർ നഗരത്തിൽ 301.3 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. 1958ന് ശേഷം മധ്യപ്രദേശിൽ പെയ്ത ഏറ്റവും ഉയർന്ന മഴയാണിതെന്ന് ഭോപ്പാലിലെ ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ പ്രാദേശിക ഓഫീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.