രാജ്യത്ത് മഴ കനക്കുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; മിന്നൽ പ്രളയ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: രാജ്യത്തെ പടിഞ്ഞാറൻ, മധ്യ മേഖലകളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വരുന്ന നാല് ദിവസം ശക്തമായ മഴയുണ്ടാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉത്തരാഖണ്ഡിൽ വീണ്ടും മഴ കനത്തതോടെ നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ഋഷികേശ് യമുനോത്രി ദേശീയ പാതയുൾപ്പെടെ സംസ്ഥാനത്തെ 241 റോഡുകളിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. ഗതാഗതം പുനസ്ഥാപിക്കാൻ ഇരുനൂറിലധികം ജെ.സി.ബികളാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. അതേസമയം ഗംഗാ നദിയിലെ ജലനിരപ്പ് 292.80 മീറ്ററിലെത്തിയതായാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയിൽ മഴ കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ റെഡ് അലർട്ടാണ്. കഴിഞഅഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജനങ്ങൾ വീടുകളിൽ തുടരണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം മഴ കനത്തതോടെ ഹിമാചൽ പ്രദേശിൽ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. യമുനാ നദി വീണ്ടും കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
ദക്ഷിണമേഖലയിൽ മഴ കനക്കാനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.