കനത്ത മഴയിൽ തമിഴ്നാട്: നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍, 2000 ഏക്കറിലെ കൃഷി നശിച്ചു
text_fieldsചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് തമിഴ്‌നാട്ടില്‍ രണ്ടാം ദിവസവും കനത്ത മഴ പെയ്തു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നത്.
കടലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം എന്നീ ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴയാണ് പെയ്തത്. രണ്ട് ദിവസത്തിനിടെ തീരദേശ ജില്ലകളില്‍ 150 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
അടുത്ത മൂന്ന് ദിവസങ്ങളില്‍ ചെന്നൈ, പുതുച്ചേരി, കാരയ്ക്കല്‍, തീരദേശ ആന്ധ്രാ, യാനം എന്നിവിടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളി, രാമനാഥപുരം, നാഗപട്ടണം, കടലൂർ, വില്ലുപുരം, തിരുവള്ളുവർ ജില്ലകളിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
തിരുവാരൂർ, തിരുത്തുറൈപൂണ്ടി, മുതുപ്പേട്ട, മയിലാടുതുറൈ, വേദാരണ്യം തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളത്തിനടിയിലായി. 2000 ഏക്കറിലധികം വിളകൾ നശിച്ചതായാണ് കണക്കാക്കുന്നത്.
കടലൂർ, മയിലാടുതുറൈ ജില്ലകളിലെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഫെംഗൽ ചുഴലിക്കാറ്റ് നേരിടാൻ പ്രാദേശിക ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മത്സ്യ ബന്ധനത്തിനു പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.