തമിഴ്നാട്ടിൽ വീണ്ടും കനത്ത മഴ, ജാഗ്രത; വിവിധ ജില്ലകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ചു
text_fieldsചെന്നൈ: തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി, കന്യാകുമാരി എന്നീ ജില്ലകൾ ഉൾപ്പെടെ തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴ. ഡാമുകൾ നിറഞ്ഞതോടെ വെള്ളം തുറന്നുവിടേണ്ട സാഹചര്യമാണ്. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി, കന്യാകുമാരി, വിരുദുനഗർ ജില്ലകളിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒരാഴ്ചയോളം മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഒരാഴ്ച മുമ്പുണ്ടായ കനത്ത മഴയെ തുടർന്നുള്ള പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്നതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും കനത്ത മഴയെത്തിയത്. തെക്കൻ ജില്ലകളിൽ ദുരന്തനിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്.
പലയിടത്തും റോഡുകൾ വെള്ളത്തിലായി. കാറ്റിൽ മരങ്ങൾ വീണ് നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്. തിരുനെൽവേലിയിലെ പ്രധാന അണക്കെട്ടായ പാപനാശം ഡാമിൽ സംഭരണശേഷിയുടെ 80 ശതമാനമാണ് വെള്ളം. കനത്ത മഴ തുടരുന്നതോടെ ഡാം തുറക്കേണ്ട സാഹചര്യമാണ്.
തൂത്തുക്കുടിയിൽ ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. ശ്രീവൈകുണ്ഡം, തിരുച്ചെണ്ടൂർ, സാത്താൻകുളം മേഖലകളിൽ റെക്കോർഡ് മഴയാണ്. കന്യാകുമാരി ജില്ലയിലും താഴ്ന്ന മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലായി. റോഡിൽ വെള്ളക്കെട്ടായതോടെ പലയിടത്തും ഗതാഗതം നിലച്ചു.
കേരളത്തിലും മഴ സാധ്യത
കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 18ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.