നന്ദി ഹിൽസിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസ്സപ്പെട്ടു
text_fieldsബംഗളൂരു: ശക്തമായ മഴയെത്തുടർന്ന് കർണാടകയിലെ ചിക്കബെല്ലാപുർ ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ നന്ദി ഹിൽസിൽ മലയുടെ ഒരു ഭാഗത്ത് വൻതോതിൽ മണ്ണിടിഞ്ഞു. ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് മണ്ണും പാറകളും മരങ്ങളും ഒഴുകിയെത്തി നന്ദി ഹിൽസിലേക്കുള്ള റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
നന്ദി ഹിൽസ് വ്യൂ പോയൻറിലേക്കുള്ള െചക്ക്പോസ്റ്റിന് 100 മീറ്റർ അകലെയായാണ് ഗതാഗതം തടസ്സപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് പ്രദേശത്ത് മീറ്ററുകളോളം ദൂരത്തിൽ വൻതോതിലുള്ള മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് നന്ദി ഹിൽസ് ചുരം റോഡിലേക്ക് വീഴുകയായിരുന്നു. മണ്ണിടിഞ്ഞ് മലയുടെ ഒരു വശത്തായി വലിയ തോതിലുള്ള ചാലും രൂപപ്പെട്ടു. ബംഗളൂരുവില്‍ നിന്നുള്‍പ്പെടെ ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന പ്രദേശമാണ് നന്ദി ഹില്‍സ്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. ഇതിനാൽ തന്നെ ആളപായമില്ല.
മണ്ണിടിച്ചിലുണ്ടായതറിയാതെ ബുധനാഴ്ച രാവിലെ സ്ഥലത്തെത്തിയ വിനോദസഞ്ചാരികളെ അധികൃതര്‍ തിരിച്ചയച്ചു. നന്ദിഹില്‍സിലേക്കുള്ള പ്രധാന പാതയിലും ചിക്കബെല്ലാപുർ ഭാഗത്തുള്ള മറ്റ് റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ദേശീയ ദുരന്തനിവാരണ സേനയുടെ പത്തു യൂനിറ്റുകളാണ് റോഡിലെ മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിനോദസഞ്ചാരികള്‍ക്ക് ജില്ല ഭരണകൂടം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. നന്ദി ഹില്‍സിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വിനോദസഞ്ചാരവകുപ്പിെൻറ ഹോട്ടലില്‍ ചൊവ്വാഴ്ച അതിഥികളുണ്ടായിരുന്നില്ല. രംഗപ്പ സര്‍ക്കിളിന് സമീപത്തു നിര്‍ത്തിയിട്ട ചില വാഹനങ്ങള്‍ ബുധനാഴ്ച ഉച്ചയോടെ നീക്കി. മണ്ണുമാറ്റുന്ന പ്രവൃത്തി ബുധനാഴ്ച വൈകിയും തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെ മുതല്‍ നന്ദി ഹില്‍സിലും ചിക്കബെല്ലാപുർ ജില്ലയിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. നന്ദി ഹില്‍സിലും സമീപപ്രദേശങ്ങളിലും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. മുന്‍വര്‍ഷങ്ങളിലും പ്രദേശത്ത് ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും നന്ദിഹില്‍സിലേക്കുള്ള ഗതാഗതം തടസ്സപ്പെടുന്ന വിധം മണ്ണിടിച്ചിൽ ഉണ്ടായിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന റോഡ് നന്നാക്കാൻ ഒരാഴ്ചയെടുക്കുമെന്നും അതുവരെ താൽക്കാലിക സംവിധാനം ഒരുക്കുമെന്നും നന്ദി ഹിൽസ് സ്പെഷൽ ഒാഫിസർ എൻ. ഗോപാൽ അറിയിച്ചു. ചിക്കബെല്ലാപുർ ജില്ലയിൽ ഉൾപ്പെടെ ഈ മാസം 30വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.