സംഭലിൽ കനത്ത സുരക്ഷ; ഒരു കോടിയുടെ നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കും
text_fieldsലഖ്നോ: ബാബരി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറിനോടനുബന്ധിച്ചും വെള്ളിയാഴ്ച പരിഗണിച്ചും ഉത്തർ പ്രദേശിലെ സംഭൽ ശാഹി ജമാ മസ്ജിദ് പരിസരത്ത് സുരക്ഷ ശക്തമാക്കി. മസ്ജിദിലെ സർവേയോടനുബന്ധിച്ചുണ്ടായ വെടിവെപ്പും സംഘർഷവുമായി ബന്ധപ്പെട്ട് 400 പേരെ തിരിച്ചറിഞ്ഞു.
പ്രതികളുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്ററുകൾ പതിക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. അറസ്റ്റിലായ 34 പേരെ പോസ്റ്ററിൽനിന്ന് ഒഴിവാക്കും. 400 ഫോട്ടോകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകാനും നീക്കമുണ്ട്.
ട്രാൻസ്ഫോർമറുകളും വാഹനങ്ങളും ഉൾപ്പെടെയുള്ളവ കത്തിച്ചതിന് ഒരു കോടിയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇത് അക്രമികളിൽനിന്ന് ഈടാക്കുമെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച പ്രാർഥനക്ക് മുന്നോടിയായി പൊലീസും ജില്ല ഭരണകൂടവും മസ്ജിദ് കമ്മിറ്റിയുമായി ചർച്ച നടത്തി. കമ്മിറ്റി ഭാരവാഹികൾ സമാധാനാഹ്വാനം നടത്തി.
സംഭലിൽ രാഷ്ട്രീയ പ്രതിനിധികളെ അയക്കണം -എം.എൽ.എ
ലഖ്നോ: സംഭലിൽ പോകാനും ഇരകളുടെ കുടുംബത്തെ കാണാനും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ അനുവദിക്കണമെന്ന് സമാജ്വാദി പാർട്ടി എം.എൽ.എ ഇഖ്ബാൽ മഹ്മൂദ് ആവശ്യപ്പെട്ടു.
ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സംഘർഷത്തിൽ സംഭലിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നഷ്ടം മാത്രമാണുള്ളത്. വിവാഹ സീസണിൽ കച്ചവടം നഷ്ടപ്പെട്ട വ്യാപാരികളോട് ചോദിച്ചാൽ ഇത് മനസ്സിലാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ സംഭലിലേക്കുള്ള യാത്രക്കിടെ തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.