600 കോടി തട്ടിയ ബി.ജെ.പിക്കാരായ 'ഹെലികോപ്ടർ സഹോദരന്മാരു'ടെ ഓഫിസിൽ റെയ്ഡ്; 12 ആഡംബര കാറുകളും രേഖകളും കണ്ടെടുത്തു
text_fieldsചെന്നൈ: 600 കോടി രൂപുമായി മുങ്ങിയ കുംഭകോണത്തെ 'ഹെലികോപ്ടർ സഹോദരന്മാർ' എന്നറിയപ്പെടുന്ന രണ്ടു ബി.ജെ.പി നേതാക്കളുടെ തഞ്ചാവൂരിലെ ഓഫിസിലും വസതിയിലും റെയ്ഡ് നടത്തി. 12 ആഡംബര കാറുകളും പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഫിനാൻസ് കമ്പനി മാനേജരായ ശ്രീകാന്തിനെ (56) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പണമിരട്ടിപ്പ് വാഗ്ദാനം ചെയ്താണ് തഞ്ചാവൂർ കുംഭകോണം ശ്രീനഗർ കോളനിയിലെ സഹോദരങ്ങളായ എം.ആർ. ഗണേഷ്, എം.ആർ. സ്വാമിനാഥൻ എന്നിവർ പൊതുജനങ്ങളിൽനിന്ന് പണം തട്ടിയെടുത്തത്. ബി.ജെ.പി വ്യാപാരി വിഭാഗം ഭാരവാഹികളാണിവർ. നിക്ഷേപകർ പരാതി നൽകിയതോടെ ഇരുവരും ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.
15 കോടി രൂപയുടെ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ട ദുബൈയിലെ വ്യാപാരികളായ ജാഫറുല്ല-ഫിറോസ്ബാനു ദമ്പതികളാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തഞ്ചാവൂർ ജില്ല ക്രൈംബ്രാഞ്ച് വഞ്ചന, വിശ്വാസലംഘനം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് പ്രതികളുടെ വസതികളിലും ധനകാര്യ സ്ഥാപനത്തിലും പൊലീസ് റെയ്ഡ് നടത്തിയത്.
പാൽ കച്ചവടത്തിൽ തുടങ്ങി; പണമിരട്ടിപ്പിൽ കുടുങ്ങി
തിരുവാരൂർ സ്വദേശികളായ ഗണേഷും സ്വാമിനാഥനും ആറു വർഷം മുൻപാണ് കുഭകോണത്തേക്ക് താമസം മാറ്റിയത്. ക്ഷീരോൽപന്ന കമ്പനിയായിരുന്നു ആദ്യം തുടങ്ങിയത്. പിന്നീട് വിക്ടറി ഫിനാൻസ് എന്നപേരിൽ ധനകാര്യ സ്ഥാപനവും 2019ൽ അർജുൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വ്യോമയാന കമ്പനിയും തുടങ്ങി. ഗേണഷിന്റെ കുട്ടിയുടെ പിറന്നാളിന് സ്വന്തം ഹെലികോപ്റ്ററിൽനിന്ന് പുഷ്പവൃഷ്ടി നടത്തിയതോടെയാണ് ഇരുവരും ഹെലികോപ്റ്റർ ബ്രദേഴ്സ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
രാജകീയ ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്. ബി.ജെ.പിയുടെ പ്രധാന നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. ഒരു വർഷം കൊണ്ട് ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞാണ് നാട്ടുകാരൽനിന്ന് പണം കൈപ്പറ്റിയിരുന്നത്. ആദ്യഘട്ടത്തിലൊക്കെ ഇത് കൃത്യമായി പാലിച്ചത് ഇടപാടുകാരിൽ വിശ്വാസ്യത ജനിപ്പിച്ചു. ഇതോടെ ആളുകൾ കൂടുതൽ കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. പിന്നീട് പണം തിരികെ നൽകുന്നതിൽ വീഴ്ചവന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കോവിഡ് പ്രതിസന്ധി ബിസിനസിനെ ബാധിച്ചുവെന്നും ഉടൻ ശരിയാകുമെന്നുമായിരുന്നു മറുപടി.
എന്നാൽ, തട്ടിപ്പാണെന്ന് േബാധ്യമായതോടെയാണ് ഗൾഫിൽ വ്യവസായികളായ ജാഫറുല്ലയും ഭാര്യ ഫിറോസ് ബാനുവും പൊലീസിൽ പരാതി നൽകിയത്. ഹെലികോപ്റ്റർ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തിൽ തങ്ങൾ 15 കോടി രൂപ നിക്ഷേപിച്ചതായും പണം തിരികെ ചോദിക്കുേമ്പാൾ ഇരുവരും ഭീഷണിപ്പെടുത്തുന്നുവെന്നും ഇവർ പരാതിയിൽ പറഞ്ഞു. ഇതോടെയാണ് തട്ടിപ്പിനെ കുറിച്ച് നാട്ടുകാർ അറിഞ്ഞത്. കേസും വിവാദവുമായതോടെ ഗണേഷും സ്വാമിനാഥനും കടന്നുകളഞ്ഞു.
സുഹൃത്തുക്കളിൽനിന്നും കുടുംബക്കാരിൽനിന്നും വായ്പ വാങ്ങിയാണ് 25 ലക്ഷം രൂപ നിക്ഷേപിച്ചതെന്ന് തട്ടിപ്പിനിരയായ മറ്റൊരു നിക്ഷേപകൻ ഗോവിന്ദരാജ് പറഞ്ഞു. ഒരു വർഷമായിട്ടും ലാഭം ലഭിക്കാതായതോടെ പണം തിരിച്ചുതരാൻ ആവശ്യപ്പെട്ടു. എന്നാൽ, ഗുണ്ടകളെ അയച്ച് ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയതായി ഗോവിന്ദരാജ് പറയുന്നു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മറ്റൊരു നിക്ഷേപകനായ എസിഎൻ രാജൻ ആവശ്യപ്പെട്ടു. ''മകളുടെ ആഭരണങ്ങൾ പണയം വെച്ച് കിട്ടിയ 10 ലക്ഷം രൂപയും സുഹൃത്തുക്കളിൽ നിന്ന് വാങ്ങിയ 40 ലക്ഷം രൂപയുമടക്കം 50 ലക്ഷം രൂപയാണ് ഒരു വർഷത്തെ പദ്ധതിയിൽ ഞാൻ നിക്ഷേപിച്ചത്. എന്നാൽ, എനിക്ക് പലിശയോ ലാഭവിഹിതമോാ ലഭിച്ചില്ല. ഇരുവർക്കുമെതിരെ നടപടിയെടുക്കാനും പണം തിരികെ കിട്ടാൻ ഞങ്ങളെ സഹായിക്കാനും സർക്കാരിനോട് അഭ്യർഥിക്കുന്നു'' -രാജൻ പറഞ്ഞു.
ഹെലികോപ്റ്റർ സഹോദരൻമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലുടനീളം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. അതേസമയം, വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഇരുവെരയും പുറത്താക്കിയതായി ബി.ജെ.പി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.