ഡൽഹി ഉപ മുഖ്യമന്ത്രി സിസോദിയ നാളെ അറസ്റ്റിലാകുമെന്ന് ആംആദ്മി പാർട്ടി
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സി.ബി.ഐ നോട്ടീസ് അയച്ചതിനു പിന്നാലെ, സിസോദിയ നാളെ അറസ്റ്റിലാകുമെന്ന് എ.എ.പി.
'മനീഷ് സിസോദിയയെ നാളെ അറസ്റ്റ് ചെയ്യുമെന്ന കാര്യം ഞങ്ങൾക്ക് മനസിലായി. അത് മദ്യനയത്തിലെ ക്രമക്കേടിനെ തുടർന്നല്ല, മറിച്ച് വരാൻ പോകുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. അടുത്തമാസം സിസോദിയക്കുള്ള പരിപാടികളെ കുറിച്ച് ബി.ജെ.പി ഭയക്കുന്നു. അതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു'വെന്നും ആപ്പ് നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
തിങ്കളാഴ്ച 11 മണിക്ക് ചോദ്യം ചെയ്യലിന് ഹെഡ്ക്വാർട്ടേഴ്സിൽ ഹാജരാകണമെന്ന് കാണിച്ച് സിസോദിയക്ക് സി.ബി.ഐ സമൻസ് അയച്ചിരുന്നു. സമൻസ് കിട്ടിയതിനു തൊട്ടുപിറകെയാണ് സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനം വിളിച്ച് അറസ്റ്റ് ഉണ്ടാകുമെന്ന് ആരോപിച്ചത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സി.ബി.ഐ സമൻസിനോട് പ്രതികരിച്ചു. 'ജയിൽ ബാറുകൾക്കും തൂക്കു മരത്തിനും ഭഗത് സിങ്ങിന്റെ ഉദ്ദേശ്യങ്ങളെ തടയാൻ കഴിയില്ല. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. ഇന്നത്തെ ഭഗത് സിങ്ങാണ് മനീഷും സത്യേന്ദറും.' -കെജ്രിവാൾ ട്വീറ്റ് ചെയ്തു.
75 വർഷങ്ങൾക്ക് ശേഷം രാജ്യത്തിന് ഒരു നല്ല വിദ്യാഭ്യാസ മന്ത്രിയെ ലഭിച്ചു. ദരിദ്രർക്ക് വിദ്യാഭ്യാസം നൽകുകയും തിളങ്ങുന്ന ഭാവിയെ കുറിച്ച് അവർക്ക് പ്രതീക്ഷ നൽകുകയും ചെയ്ത മന്ത്രിയാണ് അദ്ദേഹം. കോടിക്കണക്കിന് ദരിദ്രരുടെ പ്രാർഥന നിങ്ങൾക്കൊപ്പമുണ്ട്. -കെജ്രിവാൾ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഡൽഹി മന്ത്രിയായ സത്യേന്ദർ ജെയിനും അറസ്റ്റിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.