രാംനാഥ് കോവിന്ദ് പടിയിറങ്ങുന്നത് ഭരണഘടനയെ ചവിട്ടി മെതിച്ച് -മെഹബൂബ മുഫ്തി
text_fieldsന്യൂഡൽഹി: രാംനാഥ് കോവിന്ദ് പടിയിറങ്ങുന്നത് ഭരണഘടനയെ ചവിട്ടി മെതിച്ചാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡകൾ നിറവേറ്റുകയായിരുന്നു കോവിന്ദെന്നും മുഫ്തി കുറ്റപ്പെടുത്തി. "അധികാര കാലയളവ് കഴിയുമ്പോൾ രാഷ്ട്രപതിമാർ ബാക്കിയാക്കുന്നത് അവരുടെ കർമത്തിന്‍റെ മഹത്വമാണ്. എന്നാൽ രാംനാഥ് കോവിന്ദ് ഇന്ത്യയുടെ ഭരണഘടന അനവധി തവണ ചവിട്ടി മെതിക്കുകയായിരുന്നെ"ന്ന് മുഫ്തി ആരോപിച്ചു.
രാംനാഥ് കോവിന്ദിന്‍റെ കാലത്താണ് ആർട്ടിക്കിൾ 370 എടുത്തുമാറ്റുന്നതും അതുവഴി ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്തതും. പൗരത്വ ഭേദഗതി നിയമം, ദലിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായി നടന്ന കടന്നാക്രമണങ്ങൾ എന്നിവയും കോവിന്ദിന്‍റെ കാലത്താണ്. ഇതെല്ലാം അദ്ദേഹം അംഗീകരിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മുഫ്തി വിമർശനം ഉന്നയിച്ചത്.
എന്നാൽ മുഫ്തിയുടെ വിമർശനം ദലിത് സമൂഹത്തെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവും ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന നിർമൽ സിങ് തിരിച്ചടിച്ചു. തരംതാഴ്ന്ന രാഷ്ട്രീയമാണ് മുഫ്തി ആരോപിക്കുന്നതെന്നും സിങ് കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ 14ാം രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.