'അവളുടെ മരണമൊഴി വെറുതെയായില്ല'; പ്രതികൾക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരണവുമായി ഹാഥ്റസ് കുടുംബം
text_fieldsലഖ്നോ: ഹാഥ്റസ് കൂട്ടബലാത്സംഗ കൊലപാതക കേസിൽ നാലു പ്രതികൾക്കെതിരെ സി.ബി.ഐ കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരണവുമായി പെൺകുട്ടിയുടെ കുടുംബം. 'അവളുടെ മരണമൊഴി വെറുതെയായില്ലെ'ന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.
സെപ്റ്റംബർ 14നാണ് ഹാഥ്റസിൽ 19കാരിയായ ദലിത് പെൺകുട്ടിയെ വീടിന് സമീപത്തെ വയലിൽവെച്ച് മേൽജാതിക്കാരായ നാലുപേർ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത്. രണ്ടാഴ്ച മരണത്തോട് മല്ലിട്ടശേഷം ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വെച്ച് പെൺകുട്ടി മരണത്തിന് കീഴടങ്ങി.
പ്രതികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്ദീപ്, രവി, രാമു, ലവ് കുശ് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച നാലുപേർക്കെതിരെയും സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
സെപ്റ്റംബർ 22നാണ് പെൺകുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ 2,000 പേജുള്ള കുറ്റപത്രമാണ് സി.ബി.ഐ സമർപ്പിച്ചത്.
'ഇതിലൂടെ ഞങ്ങളുടെ കുട്ടിയെ തിരികെ കൊണ്ടുവരാൻ സാധിക്കില്ല. പക്ഷേ ഇതൊരുപടി അടുത്താണ്. ഇതിൽ സേന്താഷം കണ്ടെത്താൻ സാധിക്കില്ല. എങ്കിലും നീതിപൂർവമായ വിധിയിലെത്തുന്നത് കാണാനാകും' -പെൺകുട്ടിയുടെ മുതിർന്ന സഹോദരൻ ഇന്ത്യ ടുഡെ ടി.വിയോട് പ്രതികരിച്ചു.
പെൺകുട്ടിയുടെ മാതാവ് വീടിന്‍റെ വരാന്തയിൽ ഇരുന്ന് കരയുകയായിരുന്നു. ഇപ്പോഴും 80ഓളം സി.ആർ.പി.എഫ് ജവാൻമാർ പെൺകുട്ടിയുടെ കുടുംബത്തിന് കാവൽ നിൽക്കുന്നുണ്ട്് പ്രദേശത്ത് 100ഓളം മേൽ ജാതിക്കാർക്കിടയിൽ താമസിക്കുന്ന ഏക ദലിത് കുടുംബമാണ് ഇവരുടേത്.
'അവൾ ചാർപോയിൽ വന്നിരുന്ന് ചായ കുടിക്കുന്നത് സ്വപ്നം കാണും. അവൾ ഞങ്ങൾക്കൊപ്പം ഇല്ലെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല' -പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
യു.പി പൊലീസ് തുടക്കം മുതൽ ഞങ്ങളെ അപമാനിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിവാഹിതയായ പെൺകുട്ടിയുടെ മൃതദേഹം ഒരിക്കലും ഞങ്ങളുടെ ആചാരപ്രകാരം ദഹിപ്പിക്കില്ല. അടക്കം ചെയ്യുകയാണ് പതിവെന്നും പെൺകുട്ടിയുടെ സഹോദരന്‍റെ ഭാര്യ പറഞ്ഞു.
സെപ്റ്റംബർ 30ന് പെൺകുട്ടി മരിച്ചതിന് ശേഷം അർധരാത്രിയിൽ മൃതദേഹം ബന്ധുക്കളുടെ സമ്മതമില്ലാതെ കത്തിച്ചുകളയുകയായിരുന്നു. ഇത് രാജ്യം മുഴുവൻ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പെൺകുട്ടിയുടെ മരണശേഷവും ഗ്രാമവാസികളായ മേൽജാതിക്കാരുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും കുടുംബം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.