'അയാൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല' -മധ്യപ്രദേശിൽ തോറ്റ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച കലക്ടറെ കടന്നാക്രമിച്ച് ജഡ്ജി
text_fieldsഭോപാൽ: മധ്യപ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച കലക്ടർ പദവിയിൽ തുടരാൻ യോഗ്യനല്ലെന്ന് ഹൈകോടതി ജഡ്ജി. പന്ന ജില്ലയിലെ കലക്ടർ സഞ്ജയ് മിശ്രയെ പുറത്താക്കാൻ ഉത്തരവിട്ട ജഡ്ജി അദ്ദേഹം പദവിയിൽ തുടരാൻ അർഹനല്ലെന്നും വ്യക്തമാക്കി.
ഒരു രാഷ്ട്രീയ ഏജന്റായാണ് കലക്ടർ പ്രവർത്തിച്ചത്. കലക്ടർ ആയിരിക്കാൻ അയാൾക്ക് അർഹതയില്ല. എത്രയും പെട്ടെന്ന് പുറത്താക്കുക- എന്നായിരുന്നു മധ്യപ്രദേശ് ഹൈകോടതി ജഡ്ജി വിവേക് അഗർവാൾ ഉത്തരവിട്ടത്.
കഴിഞ്ഞ മാസം ഗുന്നൂർ ജൻപദ് പഞ്ചായത്തിലേക്ക് നടന്ന വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥിയെ ആണ് വിജയിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെ നൽകിയ ഹരജിയിലാണ് ജഡ്ജിയുടെ വിധിപ്രഖ്യാപനം.
25 അംഗ പഞ്ചായത്തിലേക്ക് ജൂൺ 27നാണ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് കോൺഗ്രസ് പിന്തുണയുള്ള പരമാനന്ദ് ശർമയെ ബി.ജെ.പി പിന്തുണക്കുന്ന രാംശിറോമണി മിശ്രയെ 13നെതിരെ 25 വോട്ടുകൾക്ക് തോൽപിച്ചു. പ്രിസൈഡിങ് ഓഫിസർ വിജയിച്ച പരമാനന്ദ് ശർമ തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റും നൽകി.
എന്നാൽ അതേ ദിവസം തന്നെ തോറ്റ സ്ഥാനാർഥി രാംശിരോമണി മിശ്ര പന്ന ജില്ലാ കലക്ടർക്ക് മുമ്പാകെ തെരഞ്ഞെടുപ്പ് ഫലത്തെ വെല്ലുവിളിച്ച് ഹരജി നൽകി. ജില്ലാ കലക്ടർ സഞ്ജയ് മിശ്ര തന്റെ ഭാഗം പോലും കേൾക്കാതെ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കി എക്‌സ് പാർട്ടി ഉത്തരവ് പുറപ്പെടുവിച്ചതായി വിജയിച്ച പരമാനന്ദ് ശർമ ആരോപിച്ചു. തുടർന്ന് ലോട്ടറി സമ്പ്രദായത്തിലൂടെ അടുത്ത ദിവസം വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും പരാജയപ്പെട്ട സ്ഥാനാർഥി രാംശിരോമണി മിശ്രയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.