‘കെജ്‌രിവാളിന് അധികാരത്തോട് ആർത്തിയില്ല’; രാജിയിൽ പ്രതികരിച്ച് ഫറൂഖ് അബ്ദുല്ല
text_fieldsശ്രീനഗർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ രാജി പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് നാഷനൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല. കെജ്‍രിവാളിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച ഫറൂഖ് അബ്ദുല്ല, കെജ്‌രിവാളിന് അധികാരത്തോട് ആർത്തിയില്ലെന്നും വ്യക്തമാക്കി.
'ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കണമെന്നും ജനങ്ങൾക്കിടയിലേക്ക് പോകണമെന്നും കെജ്രിവാൾ ആഗ്രഹിക്കുന്നു. പൊതുജനങ്ങൾക്ക് തീരുമാനിക്കാൻ കഴിയണം എന്നത് നല്ല കാര്യമാണ്. അദ്ദേഹത്തിന് അധികാരത്തോട് ആർത്തിയില്ല -ഫറൂഖ് അബ്ദുല്ല പറഞ്ഞു.
മദ്യനയ അഴിമതി കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ രാജി പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച കെജ്‍രിവാൾ, ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനിക്കട്ടെ എന്നും പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. ജനവിധി പ്രഖ്യാപിക്കുന്നത് വരെ ഞാൻ ആ കസേരയിൽ ഇരിക്കില്ല. ഡൽഹിയിൽ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമേ ഉള്ളൂ. കോടതിയിൽ നിന്ന് എനിക്ക് നീതി കിട്ടി, ഇനി ജനകീയ കോടതിയിൽ നിന്ന് നീതി ലഭിക്കും. ജനങ്ങളുടെ വിധിക്ക് ശേഷം മാത്രമേ ഞാൻ മുഖ്യമന്ത്രി കസേരയിൽ ഇനി ഇരിക്കുകയുള്ളൂ. ഡൽഹിയിലെ ജനങ്ങളോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു, ഞാൻ നിരപരാധിയാണോ അതോ കുറ്റക്കാരനാണോ? ഞാൻ നന്നായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ എനിക്ക് വോട്ട് ചെയ്യൂ... -കെജ്‍രിവാൾ പറഞ്ഞു. പാർട്ടിയിലെ ഒരാളെ മുഖ്യമന്ത്രിയാക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ചര മാസത്തിന് ശേഷമാണ് മദ്യനയ അഴിമതി കേസിൽ കെജ്‍രിവാൾ ജയിൽ മോചിതനായത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യം നേടി പുറത്തുവരാനിരിക്കെ ജൂൺ 26ന്, സി.ബി.ഐ തിഹാർ ജയിലിലെത്തി അഴിമതിക്കേസിലും അറസ്റ്റ് ചെയ്തു.
കെജ്‍രിവാളിന് ജാമ്യം അനുവദിക്കവെ, തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും 22 മാസമായി കേസിൽ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് ഉജ്ജൽ ഭുയാൻ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.