വെറും രണ്ട് ദിവസത്തെ ജോലി; ആരുമറിയാതെ 60 മീറ്റർ നീളമുള്ള പാലം പൊളിച്ചുവിറ്റ് കള്ളന്മാർ
text_fieldsപറ്റ്ന: 60 മീറ്റർ നീളമുള്ള ഒരു പാലം പൊളിച്ചുവിറ്റ കള്ളന്മാരെ തപ്പി നടക്കുകയാണ് ബിഹാറിലെ പൊലീസ്. അമിയവാർ ഗ്രാമത്തിലെ ഇരുമ്പു പാലമാണ് കള്ളന്മാർ അധികൃതരറിയാതെ പൊളിച്ചുവിറ്റത്. ഗ്രാമവാസികളുടെ മുന്നിൽ സർക്കാർ ജീവനക്കാരെന്ന് വ്യാജേന ഗ്യാസ് കട്ടറും മറ്റു അനുബന്ധ ഉപകരണങ്ങളുമായാണ് ഇവർ എത്തിയത്.
കനാലിന്‍റെ മുകളിലുള്ള വളരെ പഴക്കമുള്ള ഉപയോഗശൂന്യമായ ഇരുമ്പുപാലം പൊളിച്ചുമാറ്റണമെന്ന് അധികാരികൾക്ക് നിവേദനം നൽകി കാത്തിരിക്കുകയായിരുന്ന ഗ്രാമവാസികൾക്ക് സംശയമൊന്നും തോന്നിയതുമില്ല. തങ്ങളുടെ ആവശ്യപ്രകാരം എത്തിയ സർക്കാർ ഉദ്യോഗസ്ഥരാണ് കള്ളന്മാരെന്ന് ഇവർ തെറ്റിദ്ധരിച്ചു.
മോഷ്ടാക്കൾ രണ്ട് ദിവസം കൊണ്ടുതന്നെ ഇരുമ്പുപാലം അഴിച്ചെടുത്ത് പണി അവസാനിപ്പിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ചവരോട് ജലസേചന വകുപ്പ് കരാറിനെടുത്ത തൊഴിലാളികളാണെന്നും ഇവർ പറഞ്ഞിരുന്നു. ഒരാഴ്ച മുൻപ് തന്നെ ആക്രി സാധനങ്ങളെല്ലാം ലോറിയിലാക്കി കള്ളന്മാർ സ്ഥലം കാലിയാക്കി.
എന്നാൽ മോഷ്ടാക്കളിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പൊതുമുതൽ നശിപ്പിച്ചതിനും പാലം മോഷ്ടിച്ചതിനും ഇവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.