ഹജ്ജ് തീർഥാടകർക്ക് ഉയർന്ന വിമാന നിരക്ക്; കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി ഹാരിസ് ബീരാൻ കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുന്ന ഹജ്ജ് തീർഥാടകരിൽനിന്ന് അമിതമായ വിമാനനിരക്ക് ഈടാക്കാനുള്ള തീരുമാനം തിരുത്തി ഉത്തരവിറക്കണമെന്നും കോഴിക്കോട് വിമാനത്താവള റൺവേ വികസനം എത്രയുംപെട്ടെന്ന് പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ഹാരിസ് ബീരാൻ എം.പി കേന്ദ്ര വ്യോമയാന സെക്രട്ടറി വുംലുൻമാങ് വുവൽനമുമായി കൂടിക്കാഴ്ച നടത്തി.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് എംബാർക്കേഷൻ പോയന്റുകളിലൊന്നായി പ്രവർത്തിക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവരാണ് ഈ തീർഥാടകരിൽ ഭൂരിഭാഗവും. എന്നാൽ, ഇതര വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഹജ്ജ് തീർഥാടകർക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വിമാനനിരക്ക് ഗണ്യമായി ഉയർന്നതാണ്.
കഴിഞ്ഞ വർഷം ഹജ്ജ് തീർഥാടകർക്ക് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഏകദേശം 88,772 രൂപയും കൊച്ചി വിമാനത്താവളത്തിൽനിന്ന് 89,188 രൂപയുമായിരുന്നു വിമാന നിരക്ക്. അതേസമയം, കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,64,329 രൂപ ഈടാക്കി. പ്രതിഷേധത്തെ തുടർന്ന് നിരക്ക് പുതുക്കി നിശ്ചയിച്ചപ്പോൾ 40,000 രൂപയുടെ വ്യത്യാസത്തിൽ ഹാജിമാർ പണമടക്കേണ്ടിവന്നു. 2025 ഹജ്ജ് സീസണിലെ ടെൻഡറിലും സമാനമായ അസമത്വം നിലനിൽക്കുന്നുണ്ട്.
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വിമാനനിരക്ക് 40,000 രൂപയോളം ഇത്തവണയും കൂടുതലാണെന്നും ഹാരിസ് ബീരാൻ എം.പി സൂചിപ്പിച്ചു.
വിഷയം ന്യൂനപക്ഷ വകുപ്പിന്റെകൂടി പരിധിയിൽ വരുന്നതായതിനാൽ അവരുടെ അഭിപ്രായമറിഞ്ഞ ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് വകുപ്പ് സെക്രട്ടറി ഉറപ്പുനൽകിയതായി ഹാരിസ് ബീരാൻ എം.പി അറിയിച്ചു. എയർ ഇന്ത്യയടക്കം സ്വകാര്യ കമ്പനികൾ കൈവശപ്പെടുത്തിയ ടെൻഡറാണെന്നിരിക്കെ അവരുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നത് ഉചിതമാവുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി നിർദേശിച്ചു. കോഴിക്കോട്ട് ടേബ്ൾ ടോപ് റൺവേ ആയതിനാലാണ് നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കാത്തതെന്നും സെക്രട്ടറി മറുപടി നൽകിയതായി എം.പി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.