ജി23 സംഘവുമായി ഹൈകമാൻഡ് ചർച്ചക്ക്
text_fieldsന്യൂഡൽഹി: നേതൃമാറ്റം ആവശ്യപ്പെടുന്ന കോൺഗ്രസിലെ ജി23 സംഘത്തെ കേൾക്കാൻ ഹൈകമാൻഡ്. തിരുത്തൽവാദികൾക്ക് നേതൃത്വം നൽകുന്ന ഗുലാം നബി ആസാദ് ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അതോടൊപ്പം വിമതരുമായി സംഭാഷണം നടത്താൻ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഹൈകമാൻഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി ആസാദിന്റെ വസതിയിൽ ഒത്തുകൂടിയ തിരുത്തൽവാദികൾ വ്യാഴാഴ്ച വീണ്ടും വിവിധ സമയങ്ങളിലായി യോഗം ചേർന്നു. പാർട്ടിയെ പിളർത്തുകയല്ല, പുനരുജ്ജീവിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തിരുത്തൽസംഘം തീരുമാനിച്ചത്. ഇന്ത്യയെന്ന ആശയം നിലനിൽക്കുന്നതിന് ശക്തമായ കോൺഗ്രസ് ആവശ്യമാണെന്ന് സംഘം ഹൈകമാൻഡിനെ ധരിപ്പിക്കും.
അതേസമയം, തിരുത്തൽവാദി യോഗത്തിൽ ആദ്യമായി പങ്കെടുത്ത ഹരിയാന മുൻമുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹൂഡ, രാഹുൽ ഗാന്ധിയെ കണ്ടു. ഹരിയാനയിലെ സംഘടന കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നാണ് വിശദീകരണം. പി.സി.സി അധ്യക്ഷ സ്ഥാനം നെഹ്റു കുടുംബത്തിന്റെ വിശ്വസ്തയായ ഷെൽജ കുമാരിക്ക് വിട്ടുകൊടുത്തതിൽ ഹൂഡക്കും മകനും അമർഷമുണ്ട്. അക്കാര്യങ്ങൾക്കു പുറമെ, നെഹ്റു കുടുംബത്തിന്റെ നേതൃത്വം ജി23 ചോദ്യം ചെയ്യുന്നില്ലെന്ന സന്ദേശവും ഹൂഡ കൈമാറി.
സോണിയയോടല്ല, ഉത്തരവാദിത്തം ഏറ്റെടുക്കാതെ അനിശ്ചിതാവസ്ഥ പെരുപ്പിക്കുന്ന രാഹുൽ ഗാന്ധിയുടെ രീതികളിലാണ് എതിർപ്പ്. കൂട്ടായ തീരുമാനവും കൂട്ടായ നേതൃത്വവുമാണ് വേണ്ടത്. രാഹുൽ ഗാന്ധി സ്വയം കാര്യങ്ങൾ തീരുമാനിച്ച് പിഴവുകൾ വരുത്തുന്നത് അംഗീകരിക്കാനാകില്ല. എല്ലാവരെയും ഉൾച്ചേർത്ത നേതൃത്വം വരണം. സമാന മനസ്കരായ പാർട്ടികളുമായി ചർച്ച ചെയ്ത് അടുത്ത തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങണം. യോഗത്തിന്റെ ഈ പൊതുവികാരം ഗുലാംനബി സോണിയയെ നേരിൽകണ്ട് അറിയിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.