ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയ യാത്ര വിലക്ക്: കർണാടക സർക്കാറിനെതിരെ ഹൈകോടതി
text_fieldsബംഗളൂരു: കേരളത്തിൽനിന്ന് കർണാടകയിലെത്തുന്നവർക്ക് കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള യാത്ര വിലക്കിൽ കർണാടക സർക്കാറിനെതിരെ ഹൈകോടതി. അന്തർ-സംസ്ഥാന പാതകൾ അടച്ചിടാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ, ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി എന്നിവരടങ്ങിയ കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയ കർണാടകയുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി പരിഗണിച്ചുകൊണ്ടാണ് ഇക്കാര്യത്തിൽ ഹൈകോടതി ശക്തമായ നിലപാട് സ്വീകരിച്ചത്.
അന്തർ-സംസ്ഥാന യാത്ര നിയന്ത്രണങ്ങൾ നീക്കിയുള്ള കേന്ദ്ര സർക്കാറിെൻറ േകാവിഡ് അൺലോക്ക് നാലിലെ മാർഗനിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ടെന്നും ഹൈകോടതി നിരീക്ഷിച്ചു. സർട്ടിഫിക്കറ്റ് പരിശോധിക്കാനും മറ്റു കാര്യങ്ങൾക്കുമായി അതിർത്തികളിൽ അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
എന്നാൽ, നിയന്ത്രണത്തിെൻറ പേരിൽ അതിർത്തിയിലെ റോഡുകൾ വെറുതെ അടച്ചിടാൻ പറ്റില്ലെന്നും ഹൈകോടതി വിമർശിച്ചു. അതിർത്തികൾ അടച്ചിടാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചു. റോഡുകൾ തുറന്നിടണമെന്നും പരിശോധനയുടെ കാര്യത്തിൽ ജില്ല ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും ആളുകളുടെ യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ലെന്നും മാർച്ച് 31 വരെ ഈ ഉത്തരവിന് പ്രാബല്യമുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.