കർണാടകയിൽ ഘട്ടം ഘട്ടമായി സ്കൂൾ തുറക്കാൻ ഹൈകോടതി നിർദേശം
text_fieldsബംഗളൂരു: സംസ്ഥാനത്ത് സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാൻ സംസ്ഥാന സർക്കാറിന് കർണാടക ഹൈകോടതിയുടെ നിർദേശം. കോവിഡ് കേസുകൾ തീരെ കുറവുള്ള താലൂക്കുകളിലെ സ്കൂളുകൾ ആദ്യവും അടുത്ത ഘട്ടമായി മറ്റു സ്കൂളുകളും തുറക്കാനാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, നടരാജ് രംഗസ്വാമി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
എല്ലാ സ്കൂളുകളും ഒന്നിച്ച് തുറക്കുന്നതിന് പകരം ഒാരോ സ്ഥലത്തെയും സാഹചര്യം പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സംസ്ഥാന സർക്കാറിന് സ്വീകരിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ പ്രായോഗിക തീരുമാനം എടുക്കണമെന്നും കോവിഡിെൻറ പശ്ചാത്തലത്തിൽ കോടതികളുടെ പ്രവർത്തനങ്ങൾക്കും ഒാരോ ജില്ലയിലും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
നേരേത്ത 10 ജില്ലകളിലെ കോടതിയാണ് കോവിഡിനെ തുടർന്ന് പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ 17 ജില്ലകളിലെയും പ്രവർത്തിക്കുന്നുണ്ട്. അതുപോലെ പ്രത്യേക താലൂക്കിൽ കോവിഡ് വ്യാപനം കുറവാണെങ്കിൽ ആ മേഖലയിലെ സ്കൂളുകൾ സ്ഥിരമായി തുറക്കാം. സ്കൂൾ തുറക്കില്ലെന്ന് ഒറ്റയടിക്ക് പറയുന്നതിനു പകരം ഇക്കാര്യമായിരിക്കും കൂടുതൽ അഭികാമ്യമെന്നും ഹൈകോടതി അഭിപ്രായപ്പെട്ടു.
ഒന്നാം ക്ലാസ് ഉൾപ്പെടെ പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രവേശന നടപടികൾ സംബന്ധിച്ച് സർക്കാർ ഇതുവരെ വ്യക്തത നൽകിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതി നിർദേശം. സ്കൂളുകൾ തുറക്കുന്നതിനും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഹരജിയിലൂടെ കോടതിയെ അറിയിച്ചു.
ഒന്നാം ക്ലാസ് വിദ്യാർഥികളുടെ പ്രവേശന നടപടികളുടെ കാര്യത്തിൽ സർക്കാറിൽനിന്ന് വിശദീകരണവും ഹൈകോടതി തേടിയിട്ടുണ്ട്. കൊഴിഞ്ഞുപോക്ക് തടയാൻ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ടും സമർപ്പിക്കാൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.