ബിർഭും കൂട്ടക്കൊലയിൽ സി.ബി.ഐ അന്വേഷണം
text_fieldsകൊൽക്കത്ത: എട്ടുപേർക്ക് ജീവൻ നഷ്ടമായ ബിർഭും കൂട്ടക്കൊലയിൽ സി.ബി.ഐ അന്വേഷണത്തിന് കൊൽക്കത്ത ഹൈകോടതി ഉത്തരവ്.
കേസ് രേഖകൾ സി.ബി.ഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തോട് കോടതി ആവശ്യപ്പെട്ടു. ഇതുവരെ അറസ്റ്റിലായ പ്രതികളെയും സി.ബി.ഐക്ക് കൈമാറണം. ഏപ്രിൽ ഏഴിനകം റിപ്പോർട്ട് സമർപ്പിക്കാനും സി.ബി.ഐയോട് നിർദേശിച്ചു. പിന്നാലെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച തന്നെ അന്വേഷണം തുടങ്ങുമെന്നും സി.ബി.ഐ വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തെ തുടർന്നുള്ള സംഘർഷമാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. സംഭവം ഒതുക്കി തീർക്കാൻ തൃണമൂൽ സർക്കാർ ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഹൈകോടതി സ്വമേധയാ കേസെടുത്തത്. കേസ് സി.ബി.ഐക്ക് വിട്ടതിനെ ബംഗാളിലെ പ്രതിപക്ഷ കക്ഷികൾ സ്വാഗതം ചെയ്തു. കോടതി ഇടപെടൽ സ്വാഗതാർഹമാണെന്ന് പ്രതികരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ സി.ബി.ഐ അന്വേഷണം കൊണ്ടു മാത്രമെ സത്യം പുറത്തുവരുകയുള്ളൂവെന്ന് കൂട്ടിച്ചേർത്തു.
ഭരണകക്ഷിയുടെ ഏജന്റുമാരെ പോലെ പ്രവർത്തിക്കുന്ന സംസ്ഥാന പൊലീസ് സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നീതിയുക്തമായ അന്വേഷണമാണ് സി.ബി.ഐയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നായിരുന്നു സി.പി.എം നേതാവ് സുജൻ ചക്രവർത്തിയുടെ പ്രതികരണം. കോടതി മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണമാണ് വേണ്ടത്. പ്രതികളെ രക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ബി.ഐ അന്വേഷണത്തോട് എല്ലാ വിധത്തിലും സഹകരിക്കുമെന്ന് തൃണമൂൽ കോൺഗ്രസും പ്രതികരിച്ചു. കോടതി നിർദേശം അനുസരിക്കും. സംഭവത്തിൽ നല്ല നിലയിൽ ഇതുവരെ അന്വേഷണം നടത്തിയിട്ടുണ്ട്. നിരവധി പേരെ അറസ്റ്റ് ചെയ്തു. ഇനി സി.ബി.ഐ തീരുമാനിക്കട്ടെ- തൃണമൂൽ ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പറഞ്ഞു.
അതിനിടെ, രാജ്യസഭയിൽ വിഷയം ഉന്നയിച്ച ബി.ജെ.പി നേതാവ് രൂപ ഗാംഗുലി ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.