യു.പിയിലെ അഞ്ചുനഗരങ്ങളിൽ ലോക്ഡൗൺ വേണമെന്ന് ഹൈകോടതി; മുഖംതിരിച്ച് യോഗി സർക്കാർ
text_fieldsലഖ്നോ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ അഞ്ചു നഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹാബാദ് ഹൈകോടതി നിർദേശം വകവെക്കാതെ യോഗി ആദിത്യനാഥ് സർക്കാർ. ലഖ്നോ, പ്രയാഗ്രാജ്, വാരാണസി, കാൺപൂർ, ഗൊരഖ്പുർ നഗരങ്ങളിൽ ഏപ്രിൽ 26വരെ ലോക്ഡൗൺ ഏർപ്പെടുത്തണമെന്നായിരുന്നു ഹൈകോടതി നിർദേശം.
കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവ് നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.
'ആരോഗ്യ സംവിധാനങ്ങൾക്ക് രോഗവ്യാപനം ചെറുക്കാൻ കഴിയില്ല, പ്രത്യേകിച്ച് ലഖ്നോ, വാരാണസി, കാൺപുർ, ഗൊരഖ്പുർ നഗരങ്ങളിൽ' -കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ ജീവനും ജീവനോപാധിക്കും പ്രധാന്യം നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
യു.പി സർക്കാർ കോവിഡ് വ്യാപനം ചെറുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. യു.പിയിൽ 30,000ത്തിൽ അധികംപേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്നാണ് കോടതിയുടെ ഇടപെടൽ.
ലോക്ഡൗണിന് പുറമെ, എല്ലാ മത -സാംസ്കാരിക ചടങ്ങുകളും നിർത്തിവെക്കണമെന്നും എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടണമെന്നും കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടണമെന്നും നിർദേശിച്ചു.
അവശ്യ സ്ഥാപനങ്ങളും സേവനങ്ങളും ഒഴികെ എല്ലാ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടണം, കൂടിച്ചേരലുകൾ- വിവാഹം പോലെയുള്ള ചടങ്ങുകൾ പരമാവധി ഒഴിവാക്കണം തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ.
യു.പിയിൽ പ്രതിദിനം 30,000ത്തിൽ അധികം പേർക്കാണ് കോവിഡ് പോസിറ്റീവാകുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.