ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിന് ഹൈകോടതി നടപടി ബാധകമല്ല
text_fieldsശിക്ഷാവിധി സ്റ്റേ ചെയ്താലും അയോഗ്യത നടപടി, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം എന്നിവ സാധുവായിരിക്കുമെന്ന് വിദഗ്ധർ.
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ലക്ഷദ്വീപ് മുൻ എം.പി. മുഹമ്മദ് ഫൈസൽ വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീലിന്മേൽ കേരള ഹൈകോടതി സ്വീകരിക്കുന്ന നിലപാട് ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിന് തടസ്സമാകില്ല. ശിക്ഷാവിധി സ്റ്റേ ചെയ്താൽക്കൂടി അയോഗ്യത നടപടി, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം എന്നിവ സാധുവായിരിക്കുമെന്ന് ഭരണഘടനാ വിദഗ്ധർ. മുഹമ്മദ് ഫൈസലും മറ്റും നൽകിയ ഹരജി കേരള ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് അസാധാരണ വേഗത്തിലാണ് കടന്നുവന്നത്. എം.പി ശിക്ഷിക്കപ്പെട്ട സംഭവങ്ങളിൽ അയോഗ്യനാക്കൽ, ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനം എന്നിവക്ക് മുൻകാലങ്ങളിൽ ഈ തിടുക്കം കണ്ടിട്ടില്ല. അതേസമയം, രണ്ടു വർഷത്തിൽ കുറയാത്ത ജയിൽവാസത്തിന് ശിക്ഷിക്കപ്പെട്ടാൽ എം.പി-എം.എൽ.എ പദവിയിയിൽനിന്ന് ഉടനടി അയോഗ്യരാകുമെന്ന് സുപ്രീംകോടതി 2013ൽ വിധിച്ചിട്ടുണ്ട്. അതനുസരിച്ച് പാർലമെന്റിന് അയോഗ്യത നടപടിയുമായി മുന്നോട്ടു പോകാം. ഭരണഘടനയുടെ 101ാം അനുഛേദ പ്രകാരം സിറ്റിങ് എം.പി അയോഗ്യനാക്കപ്പെട്ടാൽ, ആറു മാസത്തിനകം ഏതു ദിവസവും ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പു കമീഷന് അധികാരമുണ്ട്.
ഇത്തരത്തിൽ മുന്നോട്ടു നീങ്ങിയ നടപടികൾ കോടതിയുടെ മറ്റൊരു ഉത്തരവു വഴി സ്റ്റേ ചെയ്യപ്പെടുകയില്ലെന്ന് ലോക്സഭ മുൻസെക്രട്ടറി ജനറലും ഭരണഘടന വിദഗ്ധനുമായ പി.ഡി.ടി ആചാരി വ്യക്തമാക്കി. കുറ്റക്കാരനെന്ന് വിചാരണയിൽ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുന്നത്. ശിക്ഷാവിധി സ്റ്റേ ചെയ്താൽക്കൂടി കുറ്റക്കാരനായി കണ്ടെത്തിയ നടപടി ഉടനടി പുനഃപരിശോധിക്കപ്പെടുന്നില്ല. ഭരണഘടന വകുപ്പു പ്രകാരമുള്ള അയോഗ്യത, ഉപതെരഞ്ഞെടുപ്പു നടപടികളെ കോടതിവിധി സ്വാധീനിക്കില്ല. മറ്റു നിയമങ്ങൾക്കു മുകളിലാണ് ഭരണഘടനാ വ്യവസ്ഥകൾ. ഭരണഘടന വ്യവസ്ഥ പ്രകാരമുള്ള നടപടിയാണ് അയോഗ്യത കൽപിക്കലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ കാരണങ്ങളാൽ സിറ്റിങ് എം.പിമാർ ശിക്ഷിക്കപ്പെടുന്ന സന്ദർഭങ്ങളിൽ, അപ്പീൽ നടപടികളുടെ ഭാവി അറിയാൻകൂടി കാത്തിരിക്കുന്ന രീതി മുമ്പ് ഉണ്ടായിരുന്നു. എന്നാൽ, അത് രാഷ്ട്രീയ താൽപര്യങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.