ഭൂതക്കോല പരാമർശം: നടൻ ചേതനെതിരായ ക്രിമിനൽ കേസിൽ ഇടപെടാനാവില്ലെന്ന് കർണാടക ഹൈകോടതി
text_fieldsബംഗളൂരു: നടൻ ചേതൻ അഹിംസ നടത്തിയ 'ഭൂതക്കോല ' പരാമർശവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ ഇടപെടാനാവില്ലെന്ന് കർണാടക ഹൈകോടതി. ഐ.പി.സി 505 (രണ്ട്) വകുപ്പു പ്രകാരം ക്രിമിനൽകേസ് രജിസ്റ്റർ ചെയ്തത് ചോദ്യംചെയ്ത് ചേതൻ സമർപ്പിച്ച ഹരജി തള്ളിയാണ് ജസ്റ്റിസ് എം.ഐ. അരുൺ നിലപാട് വ്യക്തമാക്കിയത്.
കാന്താര സിനിമയുമായി ബന്ധപ്പെട്ടാണ് ചേതൻ സമൂഹമാധ്യമത്തിൽ 'ഭൂതക്കോല' പരാമർശം നടത്തിയത്. 'ഭൂത ക്കോലം' ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്നായിരുന്നു വാദം. പ്രസ്തുത പരാമർശം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ചേതനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഹിന്ദുത്വ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അദ്ദേഹത്തിനെതിരെ പൊലീസ് ക്രിമിനൽകേസ് ഫയൽ ചെയ്തത്.
തന്റെ പ്രസ്താവനയിൽ മതവികാരത്തെയോ വ്യക്തികളെയോ സമൂഹത്തെയോ വ്രണപ്പെടുത്തുന്ന ഒന്നുമില്ലെന്ന ചേതന്റെ വാദം ഹൈകോടതി അംഗീകരിച്ചില്ല. തന്റെ പ്രസ്താവനയെ അക്കാദമികമായാണ് കാണേണ്ടതെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, കേസ് അന്വേഷണം നടക്കുന്നതിനാൽ ഈ വിഷയത്തിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.