ആർ.എസ്.എസ് റൂട്ട് മാർച്ച് വേണ്ടെന്ന് ഹൈക്കോടതിയും; സർക്കാർ തീരുമാനം ശരിവച്ചു
text_fieldsചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍.എസ്.എസ് നടത്താനിരുന്ന റൂട്ട് മാര്‍ച്ച് തടഞ്ഞു കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച് മദ്രാസ് ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്നുള്ള അതീവ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. റൂട്ട് മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ ആര്‍.എസ്.എസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ശേഷമാണ് സര്‍ക്കാര്‍ നിലപാട് കോടതി ശരിവച്ചത്. പകരം നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് നടത്താമെന്നും കോടതി നിര്‍ദേശിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ 50,000-ത്തോളം പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നതിനാല്‍ റൂട്ട് മാര്‍ച്ചിന് സുരക്ഷ ഒരുക്കാനാകില്ല എന്നായിരുന്നു സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചത്. ഈ വാദം അംഗീകരിച്ച കോടതി റൂട്ട് മാര്‍ച്ച് നടത്താന്‍ അനുയോജ്യമായ മറ്റൊരു തീയതി അറിയിക്കാന്‍ ആര്‍.എസ്.എസിനോട് നിര്‍ദേശിക്കുകയായിരുന്നു. ഒക്ടോബര്‍ 31ലേക്ക് കേസ് മാറ്റിവച്ചിട്ടുണ്ട്.
പി.എഫ്.ഐയുടെ നിരോധനത്തിന് പിന്നാലെ ഇസ്ലാമിക സംഘടനകള്‍ മാര്‍ച്ചിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. വര്‍ഗീയവികാരം വ്രണപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികവും ബി.ആര്‍. അംബേദ്ക്കറുടെ ജന്മശതാബ്ദിയും വിജയദശമിയും മുന്‍നിര്‍ത്തി 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്‍.എസ്.എസ് നിശ്ചയിച്ചിരുന്നത്. ഇതിന് പോലീസ് അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് സെപ്റ്റംബര്‍ 28-നകം അനുമതി നല്‍കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ്. ഇത് സര്‍ക്കാര്‍ ഇത് പാലിക്കാതിരുന്നതോടെയാണ് കോടതിയലക്ഷ്യ നടപടിയുമായി ആര്‍.എസ്.എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.