ചികിത്സകിട്ടാതെ 53 പേർ മരിച്ച സംഭവം: ബോംബെ ഹൈകോടതി കേസെടുത്തു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ ചികിത്സ കിട്ടാതെ 18 നവജാത ശിശുക്കളടക്കം മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബോംബെ ഹൈകോടതി. അഭിഭാഷകൻ മോഹിത് ഖന്ന നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ്, ജസ്റ്റിസ് ആരിഫ് ഡൊക്ടർ എന്നിവരുടെ ബെഞ്ച് സ്വമേധയാ കേസെടുത്തത്.
മഹാരാഷ്ട്ര ആരോഗ്യ മേഖലക്കായി സർക്കാർ ബജറ്റിൽ എത്ര നീക്കിവെച്ചിട്ടുണ്ടെന്നത് അടക്കം വിവരങ്ങൾ വ്യാഴാഴ്ചയോടെ നൽകാൻ കോടതി സംസ്ഥാന അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ നാന്ദഡിലെ ഡോ. ശങ്കർറാവു ചവാൻ മെഡിക്കൽ കോളജിലും ഔറംഗാബാദ് സർക്കാർ മെഡിക്കൽ കോളജിലുമായി 18 നവജാത ശിശുക്കളടക്കം 53 പേർ മരിച്ച സംഭവങ്ങൾക്ക് പുറമേ ആഗസ്റ്റിൽ താണെയിലെ സർക്കാർ ആശുപത്രിയിൽ 18 പേർ മരിച്ച സംഭവവും കത്തിൽ ചൂണ്ടിക്കാട്ടി. അവശ്യമരുന്നുകളുടെ അഭാവം, ഡോക്ടർമാരടക്കം മതിയായ ജീവനക്കാരില്ലാത്തത്, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാത്തത് തുടങ്ങിയവയാണ് രോഗികളുടെ കൂട്ടമരണങ്ങൾക്ക് കാരണമായി കത്ത് ആരോപിക്കുന്നത്.
മതിയായ ജീവനക്കാരില്ല എന്നത് നാന്ദഡ് മെഡിക്കൽ കോളജ് സന്ദർശിച്ച മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഹസൻ മുശരിഫ് ശരിവെച്ചിട്ടുണ്ട്. ശിശുരോഗ വിദഗ്ധരടക്കം 42 ശതമാനം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.