ഉയർന്ന പെൻഷൻ: സുപ്രീംകോടതി വിധിയോടെ ഹൈകോടതി ഉത്തരവ് അസാധുവായെന്ന് ഇ.പി.എഫ്.ഒ
text_fieldsകൊച്ചി: ഉയർന്ന പെൻഷൻ വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഹരജിക്കാർക്ക് ഉയർന്ന പെൻഷൻ നൽകണമെന്ന ഹൈകോടതി ഉത്തരവ് അസാധുവായെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഹൈകോടതിയിൽ. സുപ്രീംകോടതി വിധിയനുസരിച്ച് 2014 സെപ്റ്റംബർ ഒന്നിനുമുമ്പ് വിരമിച്ചവരിൽ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയവർക്ക് മാത്രമാണ് ഇതിന് അർഹതയുള്ളത്. ഓപ്ഷൻ നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ വിരമിച്ചവർക്ക് അവസരംനൽകി സർക്കുലർ ഇറക്കിയിട്ടുണ്ട്.
കേരള ഹൈകോടതിയിൽ പി.എഫ് പെൻഷനുമായി ബന്ധപ്പെട്ട് 504 കേസുകൾ നിലവിലുണ്ട്. ഇതിൽ 380 കേസുകളും സുപ്രീംകോടതി വിധിയോടെ അപ്രസക്തമായി. ഇവരുടെ കാര്യത്തിൽ പുനഃപരിശോധന വേണമെന്നും കൊച്ചി പ്രോവിഡന്റ് ഫണ്ട് റീജനൽ ഓഫിസിലെ കമീഷണർ എസ്. അഴകിയ മണവാളൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
സുപ്രീംകോടതി വിധിയെ തുടർന്ന് ഉയർന്ന പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള ഇ.പി.എഫ്.ഒ നടപടി ചോദ്യംചെയ്ത് കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷനിലെയും (കിറ്റ്കോ) ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിലെയും (ടി.സി.സി) വിരമിച്ച ജീവനക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം.
ഹരജിക്കാർക്ക് ജനുവരിയിലെ ഉയർന്ന പി.എഫ് പെൻഷൻ നൽകിയതായി സത്യവാങ്മൂലത്തിൽ പറയുന്നു. സാങ്കേതിക പിഴവ് കാരണമാണ് ഇത് മുടങ്ങിയത്. ഹരജിക്കാരുൾപ്പെടെ 2014 സെപ്റ്റംബർ ഒന്നിന് മുമ്പ് വിരമിച്ചവർക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പി.എഫ് പെൻഷന് അർഹതയുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഹരജിക്കാർക്ക് ഫെബ്രുവരി 10, 16 തീയതികളിലായി ഉയർന്ന പി.എഫ് പെൻഷൻ നൽകിയെന്ന വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് രാജ വിജയരാഘവൻ, ഹരജികൾ വിശദ വാദത്തിന് മാർച്ച് ഒന്നിലേക്ക് മാറ്റി.
കിറ്റ്കോയിലെ വിരമിച്ച ജീവനക്കാർക്ക് ഹൈകോടതി ഉത്തരവിനെ തുടർന്ന് നൽകിയിരുന്ന ഉയർന്ന പെൻഷൻ നോട്ടീസ് പോലും നൽകാതെയാണ് നിഷേധിച്ചതെന്നാണ് ആരോപണം. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽനിന്ന് വിരമിച്ചവർക്ക് പെൻഷൻ നിഷേധിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ നിർദേശിച്ച് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിലെ തുടർനടപടി ഹൈകോടതി കഴിഞ്ഞദിവസം വിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.