ഉയർന്ന പി.എഫ് പെൻഷനിൽ കുറവ് വരുത്തി പുതിയ മാനദണ്ഡം
text_fieldsന്യൂഡൽഹി: ഉയർന്ന പെൻഷൻ മോഹിച്ച പി.എഫ് വരിക്കാർക്ക് തിരിച്ചടിയായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) പുതിയ മാനദണ്ഡം. പെൻഷന് അർഹമായ സേവനകാലത്തെയും ശമ്പളത്തെയും 2014 സെപ്റ്റംബർ ഒന്നിന് മുമ്പും ശേഷവും എന്ന് വിഭജിച്ച് കണക്കുകൂട്ടുന്ന രീതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത് ഉയർന്ന പെൻഷനിൽ കാര്യമായ കുറവ് വരുത്തും. പെൻഷൻ കണക്കാക്കുന്നതിനുള്ള ഉദാഹരണ സഹിതം ഇ.പി.എഫ്.ഒ സോണൽ ഓഫിസുകൾക്ക് അയച്ച ഇ-മെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുപ്രീംകോടതി വിധിയുടെ അന്തസ്സത്തക്ക് എതിരാണ് ഈ നടപടിയെന്ന് പെൻഷൻകാർ ആരോപിക്കുന്നു. 2014 സെപ്റ്റംബർ ഒന്നിന് ശേഷം വിരമിച്ചവർക്കാണ് ഈ തീരുമാനം തിരിച്ചടിയാകുന്നത്.
2014 സെപ്റ്റംബർ ഒന്നിന് മുമ്പുള്ള പെൻഷന് അർഹമായ ശമ്പളം കണക്കുന്നത് അതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ശമ്പളം അല്ലെങ്കിൽ വിരമിക്കുന്നതിന് മുമ്പുള്ള 60 മാസത്തെ ശമ്പള ശരാശരി എന്നിവയിൽ ഏതാണോ കുറവ് അതിന്റെ അടിസ്ഥാനത്തിലാണ്. 2014 സെപ്റ്റംബർ ഒന്നിന് ശേഷമുള്ള പെൻഷന് അർഹമായ ശമ്പളം കണക്കാക്കാൻ അതിനുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ശമ്പളം അല്ലെങ്കിൽ വിരമിക്കുന്നതിന് മുമ്പുള്ള 60 മാസത്തെ ശരാശരി എന്നിവയിൽ ഏതാണോ കുറവ് അതാണ് പരിഗണിക്കുക. 2014 സെപ്റ്റംബർ ഒന്നിന് മുമ്പുള്ള സേവന കാലത്തിന് രണ്ട് വർഷത്തെ വെയിറ്റേജ് നൽകും.
2014ന് ശേഷം വിരമിക്കുന്നവരുടെ അവസാന 60 മാസ ശമ്പള ശരാശരിയിലും കുറവായിരിക്കും 2014ന് മുമ്പുള്ള ഉയർന്ന പ്രതിമാസ ശമ്പളം. അതിനാൽ, 60 മാസ ശമ്പള ശരാശരിക്ക് പകരം പ്രതിമാസ ഉയർന്ന ശമ്പളമാണ് പെൻഷൻ കണക്കാക്കാൻ പരിഗണിക്കുക. ഇതാണ് ഉയർന്ന പെൻഷനിൽ കുറവുണ്ടാകാൻ കാരണം.
ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് ഓപ്ഷൻ നൽകിയവർ സേവനകാലം മുഴുവൻ പൂർണ ശമ്പളത്തിന് ആനുപാതികമായ വിഹിതം പെൻഷൻ ഫണ്ടിലേക്ക് അടക്കണം. ഇക്കാര്യത്തിൽ 2014ന് മുമ്പും ശേഷവും എന്ന വേർതിരിവ് ഇല്ലാതിരിക്കേയാണ് പെൻഷൻ നൽകുന്നതിൽ മാത്രം വിവേചനം കാണിക്കുന്നത്.
ഇ.പി.എഫ്.ഒ നൽകിയിരിക്കുന്ന ഉദാഹരണ പ്രകാരം 1996 സെപ്റ്റംബർ ഒന്നിന് സർവിസിൽ ചേർന്നയാൾ 2023 ആഗസ്റ്റ് 31ന് വിരമിക്കുന്നു. 60 മാസത്തെ ശമ്പള ശരാശരി 18,000 രൂപയും 2014 സെപ്റ്റംബർ ഒന്നിന് മുമ്പുള്ള ഉയർന്ന ശമ്പളം 11,000 രൂപയും അതിനുശേഷമുള്ള ഉയർന്ന ശമ്പളം 22,000 രൂപയുമാണ്. ഈ രീതിയിൽ 2014ന് മുമ്പുള്ള കാലത്ത് പെൻഷന് കണക്കാക്കുന്ന ശമ്പളം 11,000 രൂപയായിരിക്കും. ഇതുപ്രകാരം ലഭിക്കുന്ന പെൻഷൻ 5457 രൂപയാണ്. 2014ന് മുമ്പും ശേഷവും എന്ന വേർതിരിവില്ലാതെ നടപ്പാക്കിയാൽ 7457 രൂപ പെൻഷൻ ലഭിക്കേണ്ട സ്ഥാനത്താണ് ഇത്. (18,000x29/70=7457 രൂപ). 2000 രൂപയാണ് ഇവിടെ കുറവ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.