ഹിജാബ് നിരോധനം: ഹരജിക്കാരിയായ ഹസ്ര ഷിഫയുടെ പിതാവിന്റെ ഹോട്ടലിന് നേരെ ആക്രമണം; സഹോദരനെ മർദിച്ചു
text_fieldsബംഗളൂരു: കര്‍ണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യംചെയ്ത് ഹൈകോടതിയില്‍ ഹരജി നല്‍കിയ ആറ് വിദ്യാർഥിനികളിലൊരാളായ ഹസ്ര ഷിഫയുടെ പിതാവിന്റെ ഹോട്ടലിന് നേരെ ആക്രമണം. ഹസ്രയുടെ സഹോദരന് മർദനമേൽക്കുകയുമുണ്ടായി. ഉഡുപ്പിയിലെ മാല്‍പേയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉഡുപ്പിയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹസ്രയുടെ പിതാവ് കർണാടക ഹൈകോടതിയെ സമീപിച്ചിരുന്നു.
ഉഡുപ്പിയിലെ സർക്കാർ പ്രീ യൂണിവേഴ്‌സിറ്റി കോളജ് ഫോർ ഗേൾസിലെ വിദ്യാർഥിയാണ് ഹസ്ര ഷിഫ. പിതാവ് ഹൈദരലിയുടെ ബിസ്മില്ല ഹോട്ടലിന് നേരെ തിങ്കളാഴ്ച രാത്രി ഒരു സംഘം കല്ലെറിയുകയായിരുന്നു. തുടർന്നുണ്ടായ സംഘട്ടനത്തിൽ ഹസ്രയുടെ സഹോദരനെയും അക്രമികൾ മർദിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഉഡുപ്പി പൊലീസ് സൂപ്രണ്ട് വിഷ്ണു വർദ്ധൻ പറഞ്ഞു
സംഘ്പരിവാരാണ് ആക്രമണത്തിന് പിന്നിലെന്ന് ഹസ്ര ട്വീറ്റ് ചെയ്തു. 'എന്റെ അവകാശമായ ഹിജാബിന് വേണ്ടി ഞാന്‍ നിലകൊള്ളുന്നത് തുടരുന്നതുകൊണ്ട് മാത്രം എന്റെ സഹോദരനെ ഒരു ജനക്കൂട്ടം ക്രൂരമായി ആക്രമിച്ചു. ഞങ്ങളുടെ സ്വത്തും നശിപ്പിച്ചു. എന്തിന് വേണ്ടി? അതെന്‍റെ അവകാശമല്ലേ? അവരുടെ അടുത്ത ഇര ആരായിരിക്കും? സംഘ്പരിവാര്‍ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു'- ഹസ്ര ഷിഫ ട്വീറ്റ് ചെയ്തു. ഉഡുപ്പി പൊലിസിനെ ടാഗ് ചെയ്താണ് ഹസ്രയുടെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.