ശിരോവസ്ത്ര വിലക്ക്: കർണാടകയിൽ ഇന്ന് ബന്ദ്
text_fieldsബംഗളൂരു: ശിരോവസ്ത്രം ധരിക്കുന്നത് മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നു വ്യക്തമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം വിലക്കിയുള്ള സർക്കാർ ഉത്തരവ് ശരിവെച്ചുള്ള ഹൈകോടതി വിധിക്കെതിരെ വ്യാഴാഴ്ച കർണാടകയിൽ മുസ്ലിം സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. ബുധനാഴ്ച രാവിലെ സമുദായ നേതാക്കളുമായുള്ള യോഗത്തിനുശേഷം കർണാടക അമീറെ ശരീഅത്ത് മൗലാന സഗീർ അഹ്മദ് ഖാൻ റഷാദിയാണ് വ്യാഴാഴ്ച രാവിലെ മുതൽ രാത്രിവരെ ഒരു ദിവസം മുഴുവനായും സമാധാനപരമായി ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തത്.
ഹൈകോടതി വിധിയിൽ അതിയായ ദുഃഖമുണ്ടെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ബന്ദിൽ എല്ലാ മുസ്ലിംകളും പങ്കെടുക്കണമെന്നും നീതി ആഗ്രഹിക്കുന്ന മറ്റെല്ലാവരും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതവിശ്വാസം തുടരുന്നതിനൊപ്പം തന്നെ വിദ്യാഭ്യാസവും ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ് ആചരിക്കുന്നത്. ബന്ദ് പൂർണമായും സമാധാനപരമായിരിക്കണമെന്നും കടകൾ നിർബന്ധിച്ച് അടപ്പിക്കുകയോ പ്രതിഷേധ പ്രകടനം നടത്തുകയോ ചെയ്യരുതെന്നും അദ്ദേഹം നിർദേശിച്ചു. വിവിധ സംഘടനകളും ബന്ദിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ഹിന്ദും ബന്ദിന് പിന്തുണ അറിയിച്ചു.
ഇതിനിടെ, ഹൈകോടതി വിധിയെ തുടർന്ന് ബുധനാഴ്ചയും കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ അധികൃതർ തടഞ്ഞു. പലസ്ഥലങ്ങളിലും പ്രതിഷേധമുണ്ടായി. ഹൈകോടതി വിധി പുറത്തുവന്ന ചൊവ്വാഴ്ച തീരദേശ, വടക്കൻ കർണാടകയിലെ ഭൂരിഭാഗം ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധിക്കുശേഷം ബുധനാഴ്ച മുതൽ ക്ലാസുകളും പരീക്ഷകളും ആരംഭിച്ചതിനിടെയാണ് വീണ്ടും പ്രതിഷേധമുണ്ടായത്. ഹൈകോടതിയിൽ ഹരജി നൽകിയ ഉഡുപ്പി ഗവ. പി.യു കോളജിലെ ആറു വിദ്യാർഥികൾ ബുധനാഴ്ച ക്ലാസിലെത്തിയില്ല. നീതി ലഭിക്കുന്നതുവരെ ശിരോവസ്ത്രമില്ലാതെ കോളജിലെത്തില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. ഉഡുപ്പി കൗപിലെ ഗവ. കോളജിലെ ഒമ്പതു വിദ്യാർഥികൾ ശിരോവസ്ത്രം വിലക്കിയതിനെ തുടർന്ന് പരീക്ഷ എഴുതാതെ മടങ്ങി. നാലു വിദ്യാർഥികൾ ശിരോവസ്ത്രം നീക്കിയശേഷം പരീക്ഷ എഴുതിയെങ്കിലും ഒമ്പതുപേർ ഇതിന് തയാറായില്ല.
ശിവമൊഗ്ഗയിലെ കമല നെഹ്റു കോളജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ 15 വിദ്യാർഥിനികളെ തടഞ്ഞു. ചിക്കമഗളൂരു ഐ.ഡി.എസ്.ജി കോളജിലെ 22 വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിച്ച് ഇന്റേണൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. തുടർന്ന് വിദ്യാർഥിനികൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു. കലബുറഗിയിലെ രണ്ടു പി.യു കോളജുകളിലും തുമകുരുവിലെ ഗവ. കോളജിലും യാദ്ഗറിലെ കോളജുകളിലും വിദ്യാർഥികളെ തടഞ്ഞതിനെ തുടർന്ന് പ്രതിഷേധമുണ്ടായി. ഉഡുപ്പിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
ഉത്തര കന്നടയിലെ ഭട്കലിൽ ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് കടകൾ നിർബന്ധിച്ച് അടപ്പിച്ചതിന് നാലു പോപുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനിടെ, ശിരോവസ്ത്രത്തിന് അനുകൂലമായ ഹൈകോടതി വിധി ആഗ്രഹിക്കുന്നവരുടെ ഭീഷണികൾക്ക് സർക്കാർ വഴങ്ങില്ലെന്ന് മന്ത്രി ഡോ.സി.എൻ. അശ്വത് നാരായൺ പറഞ്ഞു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
ന്യൂഡൽഹി: കർണാടകയിൽ ഹിജാബുമായി ബന്ധപ്പെട്ട ഹൈകോടതി കോടതി വിധി അജണ്ടകൾ മാറ്റിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, എം.പിമാരായ ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് ലോക്സഭ സ്പീക്കർ ഓം ബിർല അവതരണാനുമതി നിഷേധിച്ചു. ഇതേ തുടർന്ന് എം.പിമാർ വിജയ് ചൗക്കിൽ മാധ്യമപ്രവർത്തകരെ കണ്ട് നോട്ടീസ് വിശദീകരിച്ചു. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കോടതി വിധി മതസ്വാതന്ത്ര്യത്തിന്റെ നഗ്ന ലംഘനമാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.