തല മറയ്ക്കുന്ന വസ്ത്രങ്ങൾ വേണ്ട; കർണാടകയിൽ നിയമന പരീക്ഷകളിൽ ഹിജാബിന് വീണ്ടും വിലക്ക്
text_fieldsബംഗളൂരു: പരീക്ഷ ക്രമക്കേട് തടയാൻ റിക്രൂട്ട്മെന്റ് പരീക്ഷകളിൽ തലമറക്കുന്ന എല്ലാതരം വസ്ത്രങ്ങളും നിരോധിച്ച് കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഇ.എ). പുരുഷ ഉദ്യോഗാർഥികൾക്കടക്കം വസ്ത്രധാരണ നിബന്ധനയും പുറത്തിറക്കി. നവംബർ 18, 19 തീയതികളിലാണ് വിവിധ ബോർഡുകളിലെയും കോർപറേഷനുകളിലെയും ഒഴിവുകളിലേക്കായി റിക്രൂട്ട്മെന്റ് പരീക്ഷ നടക്കുന്നത്. പെൺകുട്ടികളുടെ ഹൈ ഹീൽഡ് പാദരക്ഷകൾ, ജീൻസുകൾ, ടീ ഷർട്ടുകൾ എന്നിവക്കും നിരോധനമുണ്ട്. ആൺകുട്ടികൾക്ക് ഹാഫ് സ്ലീവ് ഷർട്ടുകൾ ധരിക്കാം. എന്നാൽ, ഷർട്ടിന്റെ താഴെ ഭാഗം പാന്റ്സിന്റെ ഉള്ളിലാക്കാൻ പാടില്ല.
ശിരോവസ്ത്രം അനുവദിക്കാത്തത് ഹിജാബ് നിരോധനമല്ലെന്നും ബ്ലൂ ടൂത്ത് ഉപകരണങ്ങളടക്കം ഉപയോഗിച്ചുള്ള ക്രമക്കേട് തടയുന്നതിന്റെ ഭാഗമാണെന്നുമാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ഒക്ടോബറിൽ കെ.ഇ.എ നടത്തിയ പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. യാദ്ഗിർ, കലബുറഗി ജില്ലകളിലെ നിരവധി പേർ ബ്ലൂ ടൂത്ത് ഉപകരണങ്ങളിലൂടെ പുറത്തുനിന്ന് ഉത്തരങ്ങൾ വാങ്ങി എഴുതിയതായി സി.ഐ.ഡി അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ പ്രധാന സൂത്രധാരനടക്കം ഈയടുത്ത് പിടിയിലായിരുന്നു. ഇതേ തുടർന്നാണ് പുതിയ റിക്രൂട്ട്മെന്റ് പരീക്ഷകളിൽ എല്ലാ തരത്തിലുമുള്ള തലമറക്കുന്ന വസ്ത്രങ്ങളും നിരോധിച്ചത്.
നവംബർ ആറിന് കർണാടക പബ്ലിക് സർവിസ് കമീഷൻ നടത്തിയ പരീക്ഷക്കെത്തിയ വനിത ഉദ്യോഗാർഥിയോട് താലിമാല അഴിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധിച്ചതോടെ ഇത്തവണ കെ.ഇ.എ റിക്രൂട്ട്മെന്റ് പരീക്ഷകളിൽ താലിമാലയും മോതിരങ്ങളും അണിയാൻ അനുമതി നൽകിയിട്ടുണ്ട്. മറ്റ് ആഭരണങ്ങൾ പാടില്ല. അതേസമയം, കഴിഞ്ഞ ഒക്ടോബറിൽ നടന്ന മത്സരപരീക്ഷകളിൽ ഹിജാബ് ധരിക്കാൻ കർണാടകയിലെ കോൺഗ്രസ് സർക്കാർ അനുമതി നൽകിയിരുന്നു. വിദ്യാർഥികൾക്ക് ഹിജാബ് ധരിച്ച് പരീക്ഷാഹാളിൽ എത്താമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകറും വ്യക്തമാക്കി. ഇതിനെതിരെയും ഹിന്ദുത്വ സംഘടനകൾ പ്രതിഷേധിച്ചു.
മുൻ ബി.ജെ.പി സർക്കാർ 2022ൽ ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ചത് സുപ്രീംകോടതി ഭിന്നവിധിയിൽ ശരിവെച്ചിരുന്നു. തുടർന്ന് നിരോധനം 10, 12 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകൾ, കെ.ഇ.എ നടത്തുന്ന പരീക്ഷകൾ എന്നിവക്കും ബി.ജെ.പി സർക്കാർ ബാധകമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.