ശിരോവസ്ത്ര സമരം; പ്രതിഷേധിക്കുന്ന വിദ്യാർഥിനികളുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് പരാതി
text_fieldsബംഗളൂരു: ശിരോവസ്ത്ര സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥിനികളുടെ വ്യക്തിവിവരങ്ങളും മൊബൈൽ നമ്പറുകളും ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി രക്ഷിതാക്കളുടെ പരാതി.ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യുന്ന ഉഡുപ്പി ഗവ. പി.യു കോളജിലെ ആറു വിദ്യാർഥിനികളുടെ വ്യക്തിവിവരങ്ങളാണ് ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
പേരും വിലാസവും മൊബൈൽ നമ്പറുമടക്കമുള്ള വിവരങ്ങളാണ് പുറത്തായതെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് വിദ്യാർഥിനികളുടെ രക്ഷിതാക്കൾ ഉഡുപ്പി ജില്ല പൊലീസ് മേധാവി എൻ. വിഷ്ണുവർധന് പരാതി നൽകി. മൊബൈൽ നമ്പറുകൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സാമൂഹികവിരുദ്ധർക്ക് പെൺകുട്ടികളെ ഭീഷണിപ്പെടുത്താനുള്ള സാഹചര്യമൊരുങ്ങുമെന്നും പരാതിയിൽ പറയുന്നു.
പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച സമൂഹ മാധ്യമങ്ങളിലെ രേഖകൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉഡുപ്പി ജില്ല പൊലീസ് മേധാവി എൻ. വിഷ്ണുവർധൻ പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്നും ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കർണാടക ഹൈകോടതിയിൽ ഹരജി നൽകിയ വിദ്യാർഥിനികളുടെ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.