ഹിജാബ് വിലക്ക്: കല്ലും കത്തിയും നൽകി വിദ്യാർഥികളെ ബി.ജെ.പി സർക്കാർ പോരടിപ്പിക്കുന്നു -രൺദീപ് സിങ് സുർജേവാല
text_fieldsബെംഗളുരു: കർണാടകയിലെ ഹിജാബ് വിവാദം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാർഥികൾക്ക് കത്തെഴുതി കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല. നിരവധി പ്രവേശന പരീക്ഷകൾ തുടങ്ങാനിരിക്കെ വിദ്യാർഥികളുടെ കൈയ്യിൽ കല്ലും കത്തിയും നൽകി പരസ്പരം പോരടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കർണാടകയിലെ വിദ്യാർഥികളുടെയും യുവാക്കളുടെയും ഐക്യം തകർക്കാന്‍ ബോധപൂർവം നിക്ഷിപ്ത താൽപര്യങ്ങൾവെച്ച് ബി.ജെ.പി സർക്കാർ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ഇത് വിദ്യാർഥികൾ തിരിച്ചറിയണമെന്നും രൺദീപ് ആവശ്യപ്പെട്ടു.
ബഹുഭാഷ, ബഹുവംശ, ബഹുസാംസ്കാരിക സ്വത്വം കൊണ്ടാണ് ബെംഗളുരുവും കർണാടകയും അറിയപ്പെട്ടിരുന്നത്. എന്നാൽ, കർണാടകയിൽ ഭരണത്തിലേറിയ ബി.ജെ.പി സർക്കാർ അഴിമതിക്കും ദുർഭരണത്തിനും പുറമെ അവരുടെ നിക്ഷിപ്ത താൽപര്യങ്ങൾ കൂടി സംസ്ഥാനത്ത് അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. നിലവിൽ കർണാടകയിലുള്ള ഹിജാബ് വിവാദം ബോധപൂർവം സർക്കാർ കുത്തിപൊക്കി കൊണ്ടുവന്നതാണെന്നും രൺദീപ് പറഞ്ഞു.
കോവിഡ് മഹാമാരിയെ നേരിടാനുള്ള കർണാടക ബി.ജെ.പി സർക്കാരിന്റെ കഴിവില്ലായ്മ കാരണം വിദ്യാർഥി സമൂഹത്തിന് രണ്ട് വർഷത്തോളം വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. വിദ്യാഭ്യാസമാണ് ഏറ്റവും ശക്തമായ ആയുധമെന്ന് രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് ഡോ. ബി.ആർ. അംബേദ്കർ നൽകിയ സംഭാവനകൾ അനുസ്മരിച്ച്കൊണ്ട് രൺദീപ് സിംങ് സുർജേവാല കത്തിൽ പറഞ്ഞു.
ഇവർ നിർമ്മിച്ചെടുത്ത വെറുപ്പിന്റെ അജണ്ടയെ നിരാകരിച്ച് നല്ല ഭാവിക്കായി മതഭേദമന്യേ എല്ലാവർക്കും സുഹൃത്തുക്കളായി തുടരാമെന്നും നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാഭ്യാസ മികവിലേക്ക് ചുവടുവെക്കാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.