ശിരോവസ്ത്ര വിവാദം: വിദ്വേഷ പ്രസ്താവനയുമായി ബി.ജെ.പി: വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ തുറുപ്പ് ശീട്ടാക്കാനും ശ്രമം
text_fieldsബംഗളൂരു: ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളുൾപ്പെടുന്ന തീരദേശ കർണാടകയിൽ കത്തി നിൽക്കുന്ന ശിരോവസ്ത്ര വിവാദം ബി.ജെ.പിയുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ തുറുപ്പ് ശീട്ട്. ഗോവധ നിരോധനവും മതപരിവർത്തന ആരോപണത്തിന്റെ പേരിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമവും തീരമേഖലയിൽ കാര്യമായ ഇളക്കമുണ്ടാക്കാതിരുന്നിടത്താണ് ശിരോവസ്ത്രത്തിന്റെ പേരിൽ ബി.ജെ.പി വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നത്. ശിരോവസ്ത്ര അവകാശ സമരത്തിന് പിന്നിൽ പോപുലർ ഫ്രണ്ടാണെന്ന് വരുത്തിത്തീർത്ത് വിഷയം രാഷ്ട്രീയവത്കരിക്കാനാണ് സംഘ്പരിവാറിന്റെ ശ്രമം. വിദ്യാർഥികളെ ഉപയോഗിച്ചുള്ള കാവിഷാൾ പ്രകടനം കൂടുതൽ സ്കൂളുകളിലേക്ക് ഹിന്ദുത്വ സംഘടനകൾ വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ബി.ജെ.പി സർക്കാറിന്റെ രാഷ്ട്രീയ കളിക്ക് വിദ്യാർഥികളുടെ വിദ്യാഭ്യാസഭാവി കരുവാക്കുകയാണ്.വിദ്യാർഥിനികളെ പുറത്തുനിർത്തിയ രണ്ട് വിദ്യാലയങ്ങളിലും കോളജ് വികസന സമിതി അംഗങ്ങളായ ബി.ജെ.പി എം.എൽ.എമാരുടെ നിർദേശാനുസരണമാണ് പ്രിൻസിപ്പൽ പ്രവർത്തിച്ചതെന്നാണ് ആരോപണം. ഉഡുപ്പി ഗവ. പി.യു വനിത കോളജിൽ കഴിഞ്ഞ ഡിസംബർ അവസാനവാരത്തിൽ ആരംഭിച്ച പ്രശ്നം തുടക്കത്തിലെ വിദ്യാഭ്യാസ വകുപ്പ് ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുന്നതിനു പകരം, കൂടുതൽ സ്കൂളുകളിൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു. തുടക്കത്തിൽ സർക്കാർ പാലിച്ച ഈ മൗനം സദുദ്ദേശ്യപരമല്ലെന്നാണ് ബി.ജെ.പി നേതാക്കളുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങളിൽ തെളിയുന്നത്.
താലിബാനിസം അനുവദിക്കില്ലെന്നാണ് ബി.ജെ.പി കർണാടക അധ്യക്ഷനും ദക്ഷിണ കന്നഡ എം.പിയുമായ നളിൻകുമാർ കട്ടീലിന്റെ പ്രസ്താവന.
ബി.ജെ.പി സർക്കാറുള്ളപ്പോൾ ശിരോവസ്ത്രത്തിന് പ്രസക്തിയില്ല. വിദ്യാലയങ്ങൾ സരസ്വതി ദേവാലയങ്ങളാണ്. പഠനം മാത്രമാണ് അവിടത്തെ ധർമം. അതിനു താൽപര്യമുള്ളവർക്ക് തുടരാമെന്നും അല്ലാത്തവർക്ക് മറ്റെവിടെയെങ്കിലും പോവാമെന്നും കട്ടീൽ പറഞ്ഞു. സമാന പ്രസ്താവനയാണ് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും നടത്തിയത്. എല്ലാ മതത്തിലുള്ള കുട്ടികൾ പരസ്പരം മനസ്സിലാക്കേണ്ട സ്ഥലമാണ് വിദ്യാലയങ്ങളെന്ന് സൂചിപ്പിച്ച അദ്ദേഹം, എല്ലാ കുട്ടികളും ഭാരതമാതാവിന്റെ മക്കളാണെന്നും ഭാരതമാതാവിന്റെ കുട്ടികളായാണ് അവർ സ്കൂളിലേക്ക് വരേണ്ടതെന്നുമായിരുന്നു ഉപദേശിച്ചത്. വിദ്യാലയങ്ങളിൽ ശിരോവസ്ത്രത്തിന് വേണ്ടി വാദിക്കുന്നവർ മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനത്തിനുവേണ്ടിയാണ് ആദ്യം സമരം നടത്തേണ്ടതെന്ന് കന്നഡ സാംസ്കാരിക മന്ത്രി വി. സുനിൽകുമാർ പറഞ്ഞു. ഒരിക്കൽ സ്കൂളിൽ ശിരോവസ്ത്രം അനുവദിച്ചാൽ പിന്നീട് ബുർഖ ധരിക്കണമെന്നും സ്കൂളിൽ പള്ളി നിർമിക്കണമെന്നും ആവശ്യമുയരുമെന്നായിരുന്നു ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാലിന്റെ പരാമർശം. ശിരോവസ്ത്ര സമരത്തെ പിന്തുണക്കുന്നവർ രാജ്യദ്രോഹികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗണേശപൂജ നടക്കുന്നത് സംബന്ധിച്ച് ആരാഞ്ഞപ്പോൾ, ഇത് ഇന്ത്യയാണെന്നും നമ്മുടെ രാജ്യം ആ സംസ്കാരത്തിൽ നിർമിക്കപ്പെട്ടതാണെന്നും പ്രതികരിച്ച അദ്ദേഹം, ശിരോവസ്ത്രം ധരിക്കേണ്ടവർക്കായി നേരത്തെ പാകിസ്താൻ അനുവദിച്ചതാണെന്നും പറഞ്ഞു. അതേസമയം, ശിരോവസ്ത്രത്തിന്റെ പേരിൽ വിദ്യാർഥിനികൾക്ക് ക്ലാസുകളിൽ പ്രവേശനം തടഞ്ഞതിനെതിരെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.