വോട്ടു രാഷ്്ട്രീയത്തിലേക്കും ഹിജാബ് വിവാദം
text_fieldsന്യൂഡൽഹി: ആളിക്കത്തിയ ഹിജാബ് വിവാദം നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കും. ബി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും ഏറ്റവും നിർണായകമായി കാണുന്ന യു.പി തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടു പിടിച്ചതിനിടയിലാണ് വോട്ടർമാരെ സ്വാധീനിക്കാൻ തക്കവിധം കർണാടകത്തിൽനിന്ന് വിഭാഗീയതയുടെ കാറ്റ് ആഞ്ഞുവീശുന്നത്. വിവാദത്തിനു പിന്നിൽ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടബോധപൂർവമായ ആസൂത്രണമുണ്ടെന്ന സംശയവും ചർച്ചയായി.
ഹിജാബ് ധരിച്ച് കുട്ടികൾ സ്കൂളിൽ പോകുന്നത് പുതിയ സംഭവമല്ല. ഇഷ്ടമുള്ള വേഷം ധരിക്കാൻ ഭരണഘടനപരമായ അവകാശവും നിലനിൽക്കുന്നു. ഇതിനെല്ലാമിടയിലാണ് പൊടുന്നനെ ഹിജാബ് പ്രശ്നം വിഷയമായി പൊട്ടിമുളച്ചത്. അതു മധ്യപ്രദേശ് അടക്കം ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളും വിവാദമാക്കി മാറ്റുകയാണിപ്പോൾ. കോടതി ഇടപെടലുകൾക്കു മുേമ്പതന്നെ വിഷയം പരമാവധി ചർച്ചയാക്കാൻ യു.പിയിൽ ബി.ജെ.പി പ്രത്യേകമായി ശ്രമിക്കുന്നുണ്ട്. മുസ്ലിം വോട്ട് നിർണായകമായ യു.പിയിൽ ന്യൂനപക്ഷവിരുദ്ധ വികാരം വളർത്തി വ്യത്യസ്ത ജാതിവിഭാഗങ്ങളുടെ വോട്ട് ഹിന്ദുത്വ ചരടിൽ കോർത്തെടുക്കുകയാണ് തന്ത്രം. കർഷക സമരത്തിലൂടെയും ദലിത്-ന്യൂനപക്ഷ ഒരുമയിലൂടെയും രൂപപ്പെട്ട ബി.ജെ.പി വിരുദ്ധ വികാരം ഭിന്നിപ്പിക്കാമെന്ന കണക്കു കൂട്ടലിലാണിത്.
കർണാടകത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കും ഹിജാബ് ആയുധമാക്കുകയാണ് ബി.ജെ.പി. മറുചോദ്യവുമായി പ്രതിപക്ഷ നേതാക്കളും കളത്തിലിറങ്ങി. ഹിജാബാണോ ജീൻസാണോ ബിക്കിനിയാണോ ധരിക്കേണ്ടതെന്ന് നിശ്ചയിക്കാൻ സ്ത്രീക്ക് ഭരണഘടനപരമായ അവകാശമുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. തനിക്ക് പാർലമെന്റിൽ തൊപ്പിവെച്ച് പോകാമെങ്കിൽ, മുസ്ലിം പെൺകുട്ടിക്ക് ഹിജാബ് ധരിച്ച് സ്കൂളിൽ പോകുന്നതിന് എന്താണ് തടസ്സമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ചോദിച്ചു. ഡൽഹി യൂനിവേഴ്സിറ്റി നോർത്ത് കാമ്പസിനു മുന്നിൽ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രതിഷേധ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.