ശിരോവസ്ത്ര വിവാദം; ഇടക്കാല ഉത്തരവിന് പിന്നാലെ ബംഗളൂരുവിലും പ്രതിഷേധം
text_fieldsബംഗളൂരു: ശിരോവസ്ത്ര വിവാദത്തിൽ മതപരമായ വസ്ത്രങ്ങൾക്ക് ക്ലാസുകളിൽ വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കർണാടക ഹൈകോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെ ബംഗളൂരുവിലും പ്രതിഷേധം. ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച് വിദ്യാർഥിനിയോട് ശിരോവസ്ത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സ്കൂൾ അധ്യാപിക ക്ലാസിലെ ബോർഡിൽ പ്രകോപനപരമായി എഴുതിയെന്നാണ് പരാതി. സംഭവത്തിനുപിന്നാലെ സ്കൂളിന് മുന്നിലെത്തിയ രക്ഷിതാക്കൾ പ്രതിഷേധിച്ചു. ശനിയാഴ്ച രാവിലെ സൗത്ത് ബംഗളൂരുവിലെ ചന്ദ്ര ലേഔട്ടിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. ഇതേതുടർന്ന് അധ്യാപികയെ സ്കൂൾ അധികൃതർ സസ്പെന്റ് ചെയ്തു.
വിദ്യാസാഗർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനികളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്നും അധ്യാപിക മനഃപൂർവം വിവാദമുണ്ടാക്കുകയായിരുന്നുവെന്നും ആരോപിച്ചായിരുന്നു രക്ഷിതാക്കളും ബന്ധുക്കളും സ്കൂളിലെത്തി പ്രതിഷേധിച്ചത്. വിദ്യാർഥികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിന് ഇത് വഴിവെക്കുമെന്നും രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പെൺകുട്ടിയോട് ഹൈകോടതി ഉത്തരവിനെക്കുറിച്ച് വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും അതല്ലാതെ മറ്റ് ഉദ്ദേശ്യമില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
ഇതിനിടെ, ദക്ഷിണ കന്നട ജില്ലയിലെ കഡബ താലൂക്കിലെ അൻകദഡക്കയിലെ ഗവ. ഹയർ പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിൽ കുറച്ചു വിദ്യാർഥികൾ നമസ്കരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് സ്കൂളിൽ യോഗം ചേർന്നു. നമസ്കാരത്തിന് അനുമതി നൽകിയ സംഭവത്തിൽ സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകി.
ഇത്തരം മതപരമായ കാര്യങ്ങൾ ക്ലാസ് മുറിയിൽ ചെയ്യരുതെന്ന് സ്കൂൾ അധികൃതർ നിർദേശം നൽകി. സ്കൂളിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ ആൺകുട്ടികളാണ് ഈമാസം ആദ്യത്തെ വെള്ളിയാഴ്ച ക്ലാസ് മുറിയിൽ നമസ്കരിച്ചത്. ഇതിന്റെ വിഡിയോ ചിലർ മൊബൈലിൽ പകർത്തിയിരുന്നു. കഴിഞ്ഞദിവസം ഇത് പ്രചരിച്ചതോടെയാണ് പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയത്.
വെള്ളിയാഴ്ച നമസ്കാരത്തിന് പള്ളിയിൽ കൊണ്ടുപോകുന്നതിന് ഉച്ചക്ക് ചില കുട്ടികളുടെ രക്ഷിതാക്കളെത്തിയില്ല. ഇതേതുടർന്നാണ് വിദ്യാർഥികൾ ക്ലാസിൽ നമസ്കരിച്ചതെന്നാണ് വിശദീകരണം. ശിരോവസ്ത്ര വിവാദത്തിൽ ദാവൻഗരെയിലും മറ്റിടങ്ങളിലുമായുണ്ടായ സംഘർഷത്തിലും കല്ലേറിലുമായി സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. സംഘർഷ സാഹചര്യത്തിൽ പി.യു, ഡിഗ്രി കോളജുകൾ ഫെബ്രുവരി 16വരെ തുറക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ബിദറിൽ നഴ്സിങ് വിദ്യാർഥികളെ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെതിരെ വിദ്യാർഥിനികൾ കോളജിന് മുന്നിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.