ശിരോവസ്ത്രം: കർണാടക സർക്കാർ സ്വകാര്യതയുടെ അതിർത്തി ലംഘിച്ചു -ഹൈകോടതി
text_fieldsബംഗളൂരു: വിദ്യാർഥികളും പൊതുജനവും സമാധാനം പാലിക്കണമെന്നും ഭരണഘടനയിൽ വിശ്വാസമർപ്പിക്കണമെന്നും അഭ്യർഥിച്ച് കർണാടക ഹൈകോടതി. ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന ഉഡുപ്പി ഗവ. പി.യു വനിത കോളജ് വിദ്യാർഥിനികളുടെ ഹരജിയിൽ വാദം കേൾക്കുന്നതിനിടെ ചൊവ്വാഴ്ച കർണാടകയിലെ കാമ്പസുകൾ സംഘർഷഭരിതമായത് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയുടെ അഭ്യർഥന. ഹരജിയിൽ ബുധനാഴ്ച വാദം തുടരും.
ചിലയാളുകൾ മാത്രമാണ് വിഷയം കത്തിക്കുന്നത്. ഇതിന്‍റെ പേരിൽ സമരം നടത്തുന്നതും തെരുവിലിറങ്ങുന്നതും മുദ്രാവാക്യം മുഴക്കുന്നതും വിദ്യാർഥികളെയും തിരിച്ചും ആക്രമിക്കുന്നതും നല്ല പ്രവണതയല്ല. അന്താരാഷ്ട്ര സമൂഹം ഇത് വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാറിന് ഉത്തരവിറക്കാം. എന്നാൽ, ജനങ്ങൾക്കത് ചോദ്യം ചെയ്യാം. ഊഹങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനങ്ങളിലെത്തരുതെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു.
ഖുർആനെതിരെ സർക്കാറിന് ഉത്തരവിറക്കാനാവില്ല. വസ്ത്രം ധരിക്കുന്നതും ശിരോവസ്ത്രം ധരിക്കുന്നതും മൗലികാവകാശമാണ്. എന്നാലും മൗലികാവകാശങ്ങളിൽ സർക്കാറിന് നിയന്ത്രണങ്ങളാകാം. യൂനിഫോം സംബന്ധിച്ച് വ്യക്തമായ ഉത്തരവില്ല. ശിരോവസ്ത്രം ധരിക്കുന്നത് സ്വകാര്യതയുടെ കാര്യമാണ്. ഈ വിഷയത്തിൽ സർക്കാർ ഉത്തരവ് സ്വകാര്യതയുടെ അതിർത്തി ലംഘിച്ചിരിക്കുന്നു- ബെഞ്ച് നിരീക്ഷിച്ചു.
ഖുർ ആനിൽ ഏതു പേജിലാണ് ശിരോവസ്ത്രം നിർബന്ധമാക്കിയതെന്ന് ഹരജിക്കാരുടെ അഭിഭാഷകനോട് ചോദിച്ച ജസ്റ്റിസ് ദീക്ഷിത് മതഗ്രന്ഥം കൊണ്ടുവന്ന് പ്രസ്തുത പേജ് പരിശോധിച്ചു. മൗലികാവകാശത്തെ മതേതരത്വത്തിന്‍റെ വഴിയിൽ കാണാനാവില്ലെന്നും ശിരോവസ്ത്രത്തിന്‍റെ നിറം ഏതുവേണമെന്ന് സർക്കാറിന് തീരുമാനിക്കാമെന്നും ഹരജിക്കാർ വാദിച്ചു.
അതേസമയം, ഉഡുപ്പി കുന്താപുര ഭണ്ഡാർകർസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബി.ബി.എ വിദ്യാർഥിനികളായ സുഹ മൗലാന, ആയിശ അലീഫ എന്നിവർ കൂടി ചൊവ്വാഴ്ച ഹൈകോടതിയിൽ ഹരജി നൽകി. കോളജ് പ്രിൻസിപ്പൽ, മംഗളൂരു സർവകലാശാല രജിസ്ട്രാർ, കുന്താപുര ബി.ജെ.പി എം.എൽ.എ ഹാലഡി ശ്രീനിവാസ ഷെട്ടി എന്നിവർ ശിരോവസ്ത്രം ധരിച്ച് കോളജിൽ പ്രവേശിക്കുന്നതിൽനിന്ന് തങ്ങളെ തടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.