ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല -കർണാടക വിദ്യാഭ്യാസ മന്ത്രി
text_fieldsബംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ മാർച്ച് ഒമ്പതിന് തുടങ്ങുന്ന പ്രീ യൂനിവേഴ്‌സിറ്റി പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്.
കഴിഞ്ഞ വർഷത്തെപ്പോലെ യൂനിഫോം ധരിച്ചെത്തുന്ന വിദ്യാർഥികൾക്ക് പരീക്ഷയെഴുതാമെന്നും ഹിജാബ് ധരിച്ചെത്തുന്നവരെ ഒരു കാരണവശാലും പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തവണയും വിദ്യാർഥികൾ യൂനിഫോം ധരിച്ച് പരീക്ഷ എഴുതണം. നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാറും നിയമങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതാനെത്തുന്ന മുസ്‌ലിം പെൺകുട്ടികളുടെ എണ്ണം വർധിച്ചെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഹിജാബ് ധരിച്ച് പഠനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കേസ് പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപവത്കരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സുപ്രീംകോടതിയിൽ നടപടികൾ തുടരട്ടെയെന്നാണ് മന്ത്രി പ്രതികരിച്ചത്.
പരീക്ഷ അടുത്തതോടെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് വിദ്യാഭ്യാസ ഓഫിസുകളിൽ ലഭിക്കുന്നത്. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും ന്യൂനപക്ഷ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഹിജാബ് ധരിച്ചാണ് കാമ്പസിലെത്തുന്നത്.
പരീക്ഷാ ഹാളിലും ഈ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ സമീപിക്കുന്നതായി ദക്ഷിണ കന്നഡയിലെ ഒരു വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.