ശിരോവസ്ത്രം: വിദ്യാര്‍ഥിനികളുടെ ഹരജി വിശാലബെഞ്ചിലേക്ക്
text_fieldsബംഗളൂരു: ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും അത് വിദ്യാലയങ്ങൾക്കകത്തും ധരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജ് വിദ്യാർഥിനികൾ നൽകിയ ഹരജി കർണാടക ഹൈകോടതി വിശാല ബെഞ്ചിനു വിട്ടു. രണ്ടു ദിവസം വാദം കേട്ട ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിന്റെ സിംഗിൾ ബെഞ്ചാണ് ഹരജി വിശാല ബെഞ്ചിലേക്ക് നിർദേശിച്ചത്. ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുമതി നൽകിക്കൊണ്ട് ഇടക്കാല ഉത്തരവിറക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, ദേവദത്ത് കാമത്ത് എന്നിവർ ആവശ്യപ്പെട്ടെങ്കിലും ഹൈകോടതി പരിഗണിച്ചില്ല.
വിഷയം വിശാല ബെഞ്ച് അടിയന്തരമായി പരിഗണിക്കാൻ, വിവരങ്ങൾ ഹൈകോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ സമര്‍പ്പിക്കാന്‍ നിർദേശം നല്‍കിയെന്നും ഇടക്കാല ഉത്തരവ് സംബന്ധിച്ച കാര്യവും വിശാല ബെഞ്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പറഞ്ഞു. വിഷയത്തിൽ വ്യക്തിനിയമവുമായി ബന്ധപ്പെട്ട മൗലികപ്രാധാന്യമർഹിക്കുന്ന ചില ഭരണഘടനാപരമായ ചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് ഹൈകോടതി നിരീക്ഷിച്ചു. അതിനാൽ വിഷയം പരിശോധിക്കാൻ വിശാല ബെഞ്ച് രൂപവത്കരിക്കണോ എന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. പരീക്ഷക്ക് രണ്ടു മാസം മാത്രമെയുള്ളുവെന്നും വിദ്യാർഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കുന്നതിനായി അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഹരജിക്കാർ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.