ബംഗളൂരുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തെ നിരോധനാജ്ഞ രണ്ടാഴ്ചത്തേക്ക് നീട്ടി
text_fieldsബംഗളൂരു: ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ഏർപ്പെടുത്തിയ നിരോധനാജ്ഞ മാർച്ച് എട്ട് വരെ നീട്ടിയതായി ബംഗളൂരു പൊലീസ് മേധാവി അറിയിച്ചു.
വിദ്യാർഥി പ്രതിഷേധം കാരണം അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ഇവയുടെ 200 മീറ്റർ ചുറ്റളവിൽ ഫെബ്രുവരി ഒമ്പത് മുതൽ രണ്ടാഴ്ചത്തേക്ക് ബംഗളൂരു പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.
പ്രശ്നം ഇപ്പോഴും സജീവമായിരിക്കുന്നതിനാൽ ബംഗളൂരു നഗരത്തിൽ പ്രതിഷേധങ്ങൾ നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും അതിനാൽ നിലവിലെ നിരോധനാജ്ഞ നീട്ടുന്നതാണ് ഉചിതമെന്നും ബംഗളൂരു പൊലീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിരോധനാജ്ഞ ഫെബ്രുവരി 26 വരെ നീട്ടാൻ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവും രണ്ട് ദിവസം മുമ്പ് തീരുമാനിച്ചിരുന്നു. ഹിജാബ് ധരിച്ച മുസ്‍ലിം പെൺകുട്ടികളെ കാവി വസ്ത്രധാരികളായ വിദ്യാർത്ഥികൾ ചേർന്ന് കല്ലെറിയുകയും പൊതുമധ്യത്തിൽ അപമാനിക്കുകയും ചെയ്തതിന് പിന്നാലെ വലിയ പ്രക്ഷോഭങ്ങളാണ് കർണാടകയിൽ ഉടലെടുത്തിട്ടുള്ളത്.
അതേസമയം, ശിവമോഗയിൽ നടന്ന ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം സംഘർഷത്തിനും പ്രതിഷേധത്തിനും കാരണമായെങ്കിലും കൊലപാതകത്തിന് ഹിജാബ് വിവാദവുമായി ബന്ധമില്ലെന്നും മുൻ വൈരാഗ്യമാണ് കാരണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. മുസ്ലിം ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്ന് കർണാടക മന്ത്രി ആരോപിക്കുകയും ഹിജാബ് വിവാദവുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്തിരുന്നു.
2021 അവസാനത്തോടെയാണ് കർണാടകയിലെ സ്കൂളുകളിൽ ശിരോവസ്ത്രം ധരിക്കുന്നത് തടഞ്ഞതിനെതിരായി സംസ്ഥാന വ്യാപകമായി പ്രതിഷേധം ആരംഭിച്ചത്. ഇതിനെതിരെ കാവി ഷാളുകൾ ധരിച്ച് ഹിന്ദുത്വ പ്രവർത്തകരായ വിദ്യാർത്ഥികൾ അണിനിരന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് വിലക്കി കർണാടക ഹൈകോടതി ഇടക്കാല ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.