ഹിജാബ് വിവാദം: കർണാടകയിലെ പി.യു കോളജുകളിൽ യൂനിഫോം നടപ്പാക്കിയേക്കും
text_fieldsബംഗളൂരു: കർണാടകയിൽ പി.യു കോളജ് വിദ്യാർഥികൾക്ക് യൂനിഫോം നടപ്പാക്കാൻ പ്രീയൂനിവേഴ്സിറ്റി വകുപ്പ് ഒരുങ്ങുന്നു. മുസ്ലിം പെൺകുട്ടികൾ ക്ലാസിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന വിവാദത്തെ തുടർന്നാണ് നീക്കം. വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ അടുത്തദിവസം നടക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും.
ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടതിന്റെ പേരിൽ ഉഡുപ്പി ഗവ. വനിത പി.യു കോളജിലെ ആറു വിദ്യാർഥിനികൾ ഡിസംബർ 31 മുതൽ ക്ലാസിന് പുറത്താണ്. ക്ലാസിൽ ഹിജാബ് ധരിക്കാനാവില്ലെന്നായിരുന്നു ജനുവരി ഒന്നിന് ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ രുദ്രെ ഗൗഡ നിലപാടെടുത്തത്. എന്നാൽ, വിഷയം ദേശീയ ശ്രദ്ധയാകർഷിക്കുകയും മതവിവേചനത്തിനെതിരായ പ്രചാരണം ചൂടുപിടിക്കുകയും ചെയ്തതോടെ കഴിഞ്ഞദിവസം വീണ്ടും സ്കൂളിൽ യോഗം ചേർന്നു.
അസി. കമീഷണർ, തഹസിൽദാർ, ന്യൂനപക്ഷ ക്ഷേമവകുപ്പ് പ്രതിനിധികൾ, ആറു വിദ്യാർഥിനികളുടെയും രക്ഷിതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകിയെങ്കിലും അധ്യാപകർ എത്തി ക്ലാസ് ആരംഭിച്ചാൽ ഹിജാബ് മാറ്റണമെന്നാണ് പുതിയ നിർദേശം. സ്പോർഡ്സ് ഡേ, ആർട്സ് ഡേ ദിവസങ്ങളിലും സ്കൂളിലെ മറ്റു പരിപാടികളിലും വിദ്യാർഥിനികൾക്ക് ഹിജാബ് ധരിക്കാം. ഈ നിർദേശം സ്വീകാര്യമല്ലെങ്കിൽ ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നും യോഗത്തിൽ അസി. കമീഷണർ അറിയിച്ചു.
അതേസമയം, ഹിജാബിന്റെ പേരിൽ മുസ്ലിം പെൺകുട്ടികൾക്ക് ക്ലാസിൽ പ്രവേശനം നിഷേധിക്കുകയും നീതികേട് മറച്ചുവെക്കാൻ പി.യു കോളജുകളിൽ യൂനിഫോം സമ്പ്രദായം കൊണ്ടുവരുന്നതിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്. ഉഡുപ്പി ഗവ. വനിത പി.യു കോളജിൽ നടന്നത് മൗലികാവകാശങ്ങളുടെ നഗ്നലംഘനമാണെന്ന് പൗരാവകാശ സംഘടനയായ പി.യു.സി.എൽ ചൂണ്ടിക്കാട്ടി. മതത്തിന്റെയും ലിംഗത്തിന്റെയും പേരിൽ വിവേചനം പാടില്ലെന്ന ഭരണഘടനയുടെ 15 (ഒന്ന്) വകുപ്പും അന്തസ്സോടെ ജീവിക്കാൻ അനുമതി നൽകുന്ന ഭരണഘടനയുടെ 21 വകുപ്പും വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുന്ന 21 എ വകുപ്പും മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ 25 വകുപ്പും പെൺകുട്ടികൾക്ക് നിഷേധിക്കുകയാണ്. പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ മനുഷ്യാവകാശ കമീഷനും ന്യൂനപക്ഷ കമീഷനും സ്വമേധയാ കേസെടുക്കണമെന്നും വിദ്യാർഥിനികളെ അടിയന്തരമായി ക്ലാസിൽ തിരികെ പ്രവേശിപ്പിക്കാൻ നടപടി വേണമെന്നും പി.യു.സി.എൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.