ഹിജാബ്: കർണാടകയിൽ വനിത കോളജ് പദ്ധതിയുമായി വഖഫ് ബോർഡ്; വിവാദമായപ്പോൾ തിരുത്തി
text_fieldsബംഗളൂരു: വിവിധ ജില്ലകളിലായി 10 മുസ്‍ലിം വനിത കോളജുകൾ തുടങ്ങാനുള്ള വഖഫ് ബോർഡ് തീരുമാനം രാഷ്ട്രീയ വിവാദത്തെ തുടർന്ന് തിരുത്തി. ഹിജാബ് വിവാദത്തെ തുടർന്ന് മുസ്‍ലിം പെൺകുട്ടികൾ സർക്കാർ വിദ്യാലയങ്ങളിൽനിന്ന് അകലുന്നത് തടയാൻ സംസ്ഥാനത്ത് പ്രീ യൂനിവേഴ്സിറ്റി, ബിരുദ കോളജുകൾ ആരംഭിക്കാനായിരുന്നു തീരുമാനം.
ഇതു സംബന്ധിച്ച നിർദേശം വഖഫ്- മുസ്റെ വകുപ്പ് മന്ത്രി ശശികല ജോലെയും കലബുറഗി എം.പി ഉമേഷ് ജാദവും ചേർന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് കൈമാറിയിരുന്നെന്നും പദ്ധതിക്ക് സർക്കാറിന്റെ അനുമതി ലഭിച്ചതായും വഖഫ് ബോർഡ് ചെയർമാൻ മൗലാന ഷാഫി സഅദി അറിയിച്ചിരുന്നു.
ദക്ഷിണ കന്നട, ശിവമൊഗ്ഗ, കുടക്, ചിക്കമഗളൂരു, റായ്ച്ചൂർ, കൊപ്പാൽ, കലബുറഗി എന്നിവിടങ്ങളിലായാണ് കോളജുകൾ ആരംഭിക്കുക. ഓരോ കോളജിനും 2.5 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. ദക്ഷിണ കന്നടയിൽ കോളജിനായി 16 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, വഖഫ് ബോർഡിന് കീഴിൽ മുസ്‍ലിം പെൺകുട്ടികൾക്ക് മാത്രമായി കോളജുകൾ തുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.
മുസ്‍ലിം പെൺകുട്ടികൾക്കായി കോളജുകൾ സ്ഥാപിച്ചാൽ ഹിന്ദു വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കണമെന്ന് ഹിന്ദു ജന ജാഗ്രതി സമിതി നേതാവ് മോഹൻ ഗൗഡ പറഞ്ഞു. വഖഫ് ബോർഡിന്റെ നീക്കം അനുവദിക്കില്ലെന്ന് പ്രതികരിച്ച ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്, മുസ്‍ലിം വനിത കോളജുകൾ സ്ഥാപിക്കാൻ ബി.ജെ.പി സർക്കാറിനെ വെല്ലുവിളിച്ചു. ബി.ജെ.പി സർക്കാർ ഒരിക്കലും മുസ്‍ലിം പ്രീണനം നടത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം വിവാദമായതോടെ കർണാടക സർക്കാർ വഖഫ് ബോർഡിനുമേൽ പഴിചാരി തലയൂരി. വിഷയം സർക്കാർതലത്തിൽ ചർച്ചചെയ്തിട്ടില്ലെന്നും അത് വഖഫ് ബോർഡ് ചെയർമാന്റെ വ്യക്തിപരമായ അഭിപ്രായമാകാമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.
മുസ്‍ലിം പെൺകുട്ടികൾക്കായി സ്കൂളുകൾ തുറക്കുക എന്നത് സർക്കാറിന്റെ നയമല്ല. വഖഫ് ബോർഡ് ചെയർമാൻ സർക്കാറുമായി ചർച്ച നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബൊമ്മൈയുടെ പ്രതികരണത്തിന് പിന്നാലെ, പ്രസ്താവന തിരുത്തി വഖഫ് ബോർഡ് ചെയർമാനും രംഗത്തുവന്നു.
മുസ്‍ലിം പെൺകുട്ടികൾക്ക് മാത്രമായി കോളജുകൾ തുറക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും വനിത കോളജുകൾ ആരംഭിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം വാദിച്ചു. പദ്ധതിക്ക് ഹിജാബ് വിവാദവുമായി ബന്ധമില്ല. പ്രധാനമന്ത്രിയുടെ ബേഠീ ബച്ചാവോ ബേഠീ പഠാവോ മുദ്രാവാക്യത്തിന്റെ ഭാഗമായാണ് കോളജുകളെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.