ഹിമാചൽ മന്ത്രിസഭ വിപുലീകരണം ഇന്ന്
text_fieldsഷിംല: ഹിമാചൽപ്രദേശിൽ മന്ത്രിസഭ വിപുലീകരണം ഞായറാഴ്ചയുണ്ടാകും. രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. സുഖ്വീന്ദർ സിങ് സുഖു മുഖ്യമന്ത്രിയും മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയുമായി ഡിസംബർ 11ന് ഹിമാചലിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയെങ്കിലും മന്ത്രിസഭയിലെ മറ്റംഗങ്ങളെ തീരുമാനിച്ചിരുന്നില്ല. പരമാവധി മന്ത്രിമാരുടെ എണ്ണം 12ൽ കൂടാൻ പാടില്ലാത്തതിനാൽ ഇനി 10 പേരുടെ ഒഴിവാണുള്ളത്.
തങ്ങൾക്ക് താൽപര്യമുള്ളവരെ മന്ത്രിസഭയിൽ തിരുകിക്കയറ്റാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി സുഖുവും പാർട്ടി സംസ്ഥാന പ്രസിഡന്റ് പ്രതിഭ സിങ്ങും. മന്ത്രിസഭ വിപുലീകരണം ഹൈകമാൻഡുമായി ചർച്ചചെയ്യുന്നതിനായി ഡൽഹിയിലേക്കു തിരിച്ചിരിക്കുകയാണ് സുഖു.
ഞായറാഴ്ച പ്രഖ്യാപനം വരുമ്പോൾ തങ്ങളുടെ പേരും അതിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് മന്ത്രിസ്ഥാനം കാത്തിരിക്കുന്നവർ. സ്പീക്കർ കുൽദീപ് പത്താനിയ അടക്കം 12 ജില്ലകളിൽ മൂന്നിടങ്ങളിൽനിന്ന് മന്ത്രിസഭയിൽ പ്രതിനിധികളായിട്ടുണ്ട്. ഗോത്രമേഖലകളായ ലാഹോൾ, സ്പിതി, കിണ്ണോർ എന്നീ മേഖലകളിൽനിന്നുള്ള പ്രതിനിധികളിൽ ഒരാളെ മന്ത്രിസഭയിലേക്കു പരിഗണിക്കും. പത്തും ഏഴും എം.എൽ.എമാരുള്ള കാൻഗ്ര, ഷിംല എന്നീ ജില്ലകളും തങ്ങൾക്ക് മന്ത്രിസഭയിൽ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
68 അംഗ നിയമസഭയിൽ 40 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. മുൻ മന്ത്രിയും കാൻഗ്രയിലെ ജവാലിയിൽനിന്നുള്ള എം.എൽ.എയുമായ ചന്ദർ കുമാർ, നിയമസഭയിലെ മുതിർന്ന അംഗവും മുൻ മന്ത്രിയുമായ ധാനി രാം ഷാൻദിൽ, മുൻ മന്ത്രി സുധീർ ഷർമ, ആറാം തവണ എം.എൽ.എയായ ഹർഷവർധൻ ചൗഹാൻ തുടങ്ങിയവരാണ് മന്ത്രിസ്ഥാനത്ത് പരിഗണിക്കുന്നതിൽ മുൻപന്തിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.